വയോധികയെ കബളിപ്പിച്ച് സ്വർണമാല കവർന്നെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിൽ

കൊച്ചിയിൽ വയോധികയെ കബളിപ്പിച്ച് സ്വർണമാല കവർന്നെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുഖ്യപ്രതി ബീനാകുമാരിയുടെ ഭർത്താവ് പുതുപ്പള്ളി പരിയാരം സ്വദേശി ടി.വി.സുനോജാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന ബീനാകുമാരിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 

കലൂരിലെ ജ്വല്ലറിയിൽ സ്വർണമാല വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുനോജ് അറസ്റ്റിലായത്. കലൂർ കീറ്റുപറമ്പിൽ എൽസി സേവ്യർ എന്ന വയോധികയുടെ മാല കവർന്നത് സുനോജിന്റെ ഭാര്യ  ബീനാകുമാരിയാണ്. കവർച്ച നടന്ന കലൂർ പള്ളിക്ക് മുന്നിലെ സിസിടിവിയിൽനിന്നുള്ള ദൃശ്യങ്ങളിലെ തട്ടിപ്പുകാരി ബീനാകുമാരിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത് ആ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ്. 

അന്വേഷണത്തിൽ സുനോജും ബീനാകുമാരിയും തൃപ്പൂണിത്തുറയിലെ വാടക ഫ്ളാറ്റിൽ താമസക്കാരാണെന്നും തിരിച്ചറിഞ്ഞു. ഇവിടെ നടത്തിയ പരിശോധനയിൽ തട്ടിപ്പിന് ഉപയോഗിക്കുന്ന മുക്കുപണ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. സുനോജ് കലൂരിലുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് അറസ്റ്റിന് വഴിയൊരുക്കിയത്. സമാനമായ തട്ടിപ്പുകള്‍ ഇരുവരും ചേർന്ന് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കേസിൽ അന്വേഷണം തുടരുകയാണ്.