തിരുവനന്തപുരത്ത് പിടിയിലായ മോഷ്ടാക്കള്‍ക്ക് ക്ഷേത്രമോഷണത്തിലും പങ്ക്

തിരുവനന്തപുരത്ത് അറസ്റ്റിലായ രണ്ട് മോഷ്ടാക്കള്‍ക്ക് പാലക്കാട് ശ്രീകൃഷ്ണപുരത്തെ ക്ഷേത്രമോഷണത്തില്‍ പങ്കുളളതായി തെളിഞ്ഞു. കൊല്ലം സ്വദേശികളായ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഉത്സവ പറമ്പുകളിൽ ഹൈഡ്രജൻ ബലൂൺ വിറ്റ് ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നവരാണ് പ്രതികള്‍.

കൊല്ലം ചെറുകര വീട്ടില്‍ ഷാജഹാൻ , നിജാസ് എന്നിവരാണ് പ്രതികള്‍. പാലക്കാട് പൂക്കോട്ടുകാവിലും ,കരിമ്പുഴയിലും ക്ഷേത്രങ്ങളിൽ കയറി മോഷണം നടത്തിയ കേസിലാണ് പ്രതികളുടെ പങ്ക്. മോഷണ കേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായ ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു ശ്രീകൃഷ്ണപുരം മേഖലയിലെ മോഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഭണ്ഡാരവും , ഓഫീസ് റൂമും കുത്തി തുറന്ന് രണ്ടു ക്ഷേത്രക്കളിൽ നിന്നായി എണ്‍പതിനായിരം രൂപ മോഷ്ടിച്ചിരുന്നു. ഉല്‍സവം നടക്കുന്ന ക്ഷേത്രങ്ങളിലെത്തി ഹൈഡ്രജന്‍ ബലൂണ്‍ വില്‍ക്കാനെത്തുകയും ക്ഷേത്രത്തെക്കുറിച്ച് മനസിലാക്കി പിന്നീട് മോഷണം നടത്തുകയുമാണ് രീതി. കാറിലാണ് മോഷണത്തിന് പോകുന്നത്.