നടിയെ ആക്രമിച്ച സംഭവത്തിന് ഒരു വയസ്

കേരളത്തെ ഞെട്ടിച്ച നടി ആക്രമണത്തിന് ഒരു വർഷം. നടൻ ദിലീപ് അടക്കം 12 പേർ പ്രതികളായ കേസിന്‍റെ വിചാരണ തുടങ്ങുന്നത് സംബന്ധിച്ച്  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉടൻ തീരുമാനമെടുക്കും. ദിലീപിന് നടിയോട് ശത്രുതയുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുന്ന മൊഴികൾ പുറത്തുവന്നെങ്കിലും ആക്രണത്തിന് പിന്നിലെ ഗൂഢാലോചന വിചാരണയിൽ തെളിയിക്കാൻ പൊലീസിന് വിയപ്പൊഴുക്കേണ്ടിവരും.

ഒരു വർഷം മുമ്പ് ഫെബ്രുവരി 17 ൻറെ രാത്രിയിലാണ് കൊച്ചിയിലൂടെ പായുന്ന വാഹനത്തിൽ  നടി ആക്രമിക്കപ്പെട്ടത്. കേരളം വാർത്തയുടെ കോളിളക്കത്തിലേക്ക് മനോരമന്യൂസിലൂടെ പിറ്റേന്ന് ഞെട്ടിയുണർന്നു.

നടിയെ ആക്രമിച്ചതിന് കൂട്ടുനിന്ന ഡ്രൈവർ മാർട്ടിൻ ആദ്യം പിടിയിലായി. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവർത്തകരുടെ ഡ്രൈവറായിരുന്ന പൾസർ സുനി എന്ന സുനിൽകുമാറാണ് ഇതിനു പിന്നിലെ മുഖ്യപ്രതിയെന്നും പിന്നെ വ്യക്തമായി. പൊലീസ് കാടിളക്കി അന്വേഷിച്ചെങ്കിലും പൾസർ സുനിയെ കിട്ടിയില്ല. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ പൾസർ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയിൽ നിന്ന് പൊലീസ് വലിച്ചിറക്കി അറസ്റ്റ് ചെയ്തു. 

തെളിവെടുപ്പിന് ശേഷം പൊലീസ് ആദ്യ കുറ്റപത്രം നൽകി. നടിയെ ആക്രമിച്ച് ബ്ലാക്മെയ്ൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം.  അപ്പോഴൊക്കെ ഗൂഢാലോചനയെക്കുറിച്ച് മൗനം പാലിച്ചു. പിന്നെയാണ് പൾസർ സുനിയിൽ ജയിലിൽ നിന്നെഴുതിയ കത്തും ദിലീപിൻറെ ക്വട്ടേഷനാണെന്ന ആരോപണവുമുയർന്നത്. ഇതിനെതിരെ ദിലീപ് പരാതിയും നൽകി. പക്ഷേ കാര്യങ്ങൾ പെട്ടെന്ന് മാറി മറിഞ്ഞു. ജൂൺ 28 ന് ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 

ജൂലൈ 10ന് കേരളത്തെ ഞെട്ടിച്ച് ദിലീപ് അറസ്റ്റിലായി.പിന്നെ 85 ദിവസത്തെ ജയിൽ വാസം. ദീലീപ് ജയിലിലായിരിക്കെ പ്രധാനതെളിവായ ദൃശ്യങ്ങൾ കണ്ടെത്താനുള്ള പൊലീസിൻറെ ശ്രമം പരാജയപ്പെട്ടു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പൾസർ സുനിയും ദിലീപുമടക്കം 12 പ്രതികൾ. വിചാരണ എപ്പോൾ തുടങ്ങുമെന്ന് തീരുമാനിക്കാനായി കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്.  കേസിൽ സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ മൊഴികളും കുറ്റപത്രത്തിൻറെ ഒരു ഭാഗവും പുറത്തുവന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുണ്ടെന്ന് സ്ഥാപിക്കുന്ന ശക്തമായ മൊഴികളാണിവ. എന്നാൽ ഈ ഗൂഢാലോചനയ്ക്കും ഈ കൃത്യത്തിനും പിന്നിൽ ദീലീപാണെന്ന മൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല.