കോടതിയലക്ഷ്യക്കേസ്: നിരുപാധികം മാപ്പുപറഞ്ഞ് ബൈജു കൊട്ടാരക്കര

ന‌ടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിന് സംവിധായകന്‍ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പുപറഞ്ഞു. ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് ബൈജു മാപ്പപേക്ഷിച്ചത്. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന അഭ്യര്‍ഥന ഹൈക്കോടതി തള്ളിയിരുന്നു. 

വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കാനോ ജുഡീഷ്യറിയെ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര കോടതിയില്‍ പറഞ്ഞു. മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. കോടതിയലക്ഷ്യക്കേസില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. വിശദീകരണം പരിശോധിച്ചശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും കോടതി പറഞ്ഞു. 

അടുത്ത ഹിയറിങ് മുതൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ബൈജു കൊട്ടാരക്കര അപേക്ഷിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഈ മാസം 25 ന് കേസ് വീണ്ടും പരിഗണിക്കും.

Director Baiju Kottarakkara apologizes for contempt of court in Kerala HC