പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്ന് ധരിപ്പിച്ച് തട്ടിപ്പ്; പ്രതി പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസുമായി നേരിട്ട് ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റിൽ. കൊണ്ടാഴി സ്വദേശി എം.വി.സുധീറാണ് വടക്കാഞ്ചേരി കോടതി പരിസരത്തുനിന്ന് അറസ്റ്റിലായത്. പിടിയിലാകുമ്പോള്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ കൈവശമുണ്ടായിരുന്നു. 

ഒരു ചെക്ക് കേസില്‍ ഹാജരാകാന്‍ വടക്കാഞ്ചേരി മുന്‍സിഫ് കോടതിയില്‍ സുധീര്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സുധീറിന്റെ തട്ടിപ്പിനിരയായവരാണ് പൊലീസിന് ഈ വിവരം കൈമാറിയത്. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. ഷൊര്‍ണൂര്‍ സ്വദേശിനിയായുടെ സ്ത്രീയ്ക്കു വായ്പ് ശരിയാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് എണ്‍പതിനായിരം രൂപയാണ് തട്ടിയെടുത്തത്. വസ്തു തര്‍ക്ക കേസില്‍ സുപ്രീംകോടതിയില്‍ അനുകൂല വിധി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് പാലക്കാട് കൊളപ്പുള്ളി സ്വദേശിയില്‍ നിന്ന് ആറരലക്ഷം രൂപ തട്ടി. തൃശൂര്‍ , പാലക്കാട് ഉള്‍പ്പെടെ ആറു ജില്ലകളില്‍ സുധീറിനെതിരെ വഞ്ചനാക്കേസുകളുണ്ട്. 

ചിലയിടങ്ങളില്‍ സുപ്രീംകോടതി അഭിഭാഷകനാണെന്ന് പറയും. മറ്റി ചിലയിടത്ത് പ്രധാനമന്ത്രിയുടെ ഓഫിസ് ജീവനക്കാരനാണെന്ന് പറഞ്ഞ് വിലസും. കോഴിക്കോട് മുക്കം സ്വദേശിനിയുടെ പന്ത്രണ്ടു ലക്ഷം രൂപയും തട്ടിയെടുത്തതിന് കേസുണ്ട്. അറസ്റ്റിലാകുമ്പോള്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ കൈവശമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടുത്തു. കോടിതിയില്‍ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.