എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പ്രതി കഞ്ചാവുമായി പിടിയിൽ

ലഹരിമരുന്നിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വധഭീഷണി മുഴക്കിയ സംഘത്തിലെ ഒരാള്‍ രണ്ടു കിലോ കഞ്ചാവുമായി തൃശൂരില്‍ പിടിയിൽ. ഇടുക്കി സ്വദേശി ഷിന്റോയാണ് അറസ്റ്റിലായത്. അച്ഛനും അമ്മയും കഞ്ചാവ് കച്ചവടത്തിന് നേരത്തെ അറസ്റ്റിലായിട്ടുണ്ട്. 

കഴിഞ്ഞ ദിവസം നാല്‍പത്തിയഞ്ച് എല്‍.എസ്.ഡി. ലഹരി സ്റ്റാംപ് പിടികൂടിയപ്പോള്‍ തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് തുരുതുരാ വിളികളെത്തി. അന്വേഷണം അവസാനിപ്പിക്കാനായിരുന്നു ഭീഷണി. ഇല്ലെങ്കില്‍ , വധിക്കുെമന്നും മുന്നറിയിപ്പു നല്‍കി. ഇവരുടെ ഫോണ്‍ നമ്പറിലേക്ക് മറ്റൊരു ഫോണില്‍ നിന്ന് ലഹരിയുടെ ആവശ്യക്കാര്‍ ചമഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. കഞ്ചാവ് വിറ്റ് കാശാക്കാന്‍ ഇതേസംഘം തൃശൂരില്‍ വണ്ടിയിറങ്ങി. എക്സൈസ് ഒരുക്കിയ വലയില്‍ ഇവര്‍ വീഴുകയായിരുന്നു. രണ്ടു കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി ഷിന്റോയാണ് പിടിയിലായത്. അച്ഛനും അമ്മയും നേരത്തെ കഞ്ചാവ് വിറ്റതിന് പിടിയിലായി. ഒരു കുടുംബം മൊത്തം കഞ്ചാവ് വിറ്റ് പിടിയിലായെന്ന അപൂര്‍വത കൂടിയുണ്ട് ഇവര്‍ക്ക്. 

പത്തു കിലോ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് പച്ചക്കറി പായ്ക്ക് ചെയ്തു കൊടുത്തു പണം തട്ടിയെടുത്തെന്ന കേസിലും ഷിന്റോ പ്രതിയാണ്. കഴിഞ്ഞ ദിവസം നാല്‍പത്തിയഞ്ച് എല്‍.എസ്.ഡി ലഹരി സ്റ്റാംപുമായി പിടിയിലായ രാഹുലിന്റെ അനുയായിയാണ് ഷിന്റോയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.