ജഡ്ജിയുടെ വാഹനത്തില്‍ കാര്‍ ഉരസി; ആറംഗകുടുംബത്തിന് പൊലീസ് പീഡനം

ജഡ്ജിയുടെ വാഹനത്തില്‍ കാര്‍ ഉരസിയതിന്റെ പേരില്‍ വൃക്കരോഗിയായ വയോധികനുള്‍പ്പെട്ട ആറംഗകുടുംബത്തിന് പൊലീസ് പീഡനം. ഒരു പകല്‍ മുഴുവന്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി ഇവരെ തടഞ്ഞുവച്ചു. ജഡ്ജിയുടെ നിർദേശ പ്രകമാണിത് എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. ഒടുവിൽ വൈകിട്ട് പെറ്റിക്കേസ് പോലുമെടുക്കാതെ പറഞ്ഞുവിടുകയും ചെയ്തു. 

പാലക്കാട് എറണാകുളം റൂട്ടിൽ ദേശീയപാതയിൽ ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണ് എല്ലാത്തിന്റെയും തുടക്കം. വടക്കാഞ്ചേരിയിൽ നിന്നുള്ള നിധിനും കുടുംബവും സഞ്ചരിച്ച കാറിനെ അങ്കമാലിക്കടുത്ത് ചിറങ്ങരയിൽ വച്ച് ഒരു ജഡ്ജിയുടെ വാഹനം മറികടന്നു. ഈ സമയത്ത് വാഹനങ്ങൾ തമ്മിൽ ചെറുതായൊന്ന് ഉരസി. ഇതിന്റെ പേരിൽ ജഡ്ജിയുടെ ഡ്രൈവറും നിധിനും തമ്മിൽ തർക്കമുണ്ടായി. Highway പോലീസിനെ വിളിക്കാമെന്ന് പറഞ്ഞെങ്കിലും പരിഗണിക്കാതെ ജഡ്ജിയുടെ കാർ മുന്നോട്ടു പോയി. യാത്ര തുടർന്ന ഇവരുടെ കാറിനെ പക്ഷെ ആലുവ തോട്ടക്കാട്ടുകര എത്തിയപ്പോൾ ട്രാഫിക് പോലീസ് തടഞ്ഞു. ജഡ്ജിയോട് മര്യാദയില്ലാതെ പെരുമാറിയെന്ന് പറഞ്ഞ് ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു. പിന്നെ ആലുവ ട്രാഫിക് സ്റ്റേഷനിലേക്ക് പോകാൻ നിർദേശിച്ചു. അവിടെയെത്തി കാത്തിരുന്ന കുടുംബത്തോട് ഉച്ചയോടെ ചാലക്കുടി സിഐ ഓഫിസില്‍ എത്താൻ പറഞ്ഞു. അവിടെ ഒരു മണിക്കൂർ ഇരുത്തിയ ശേഷം എസ്ഐയെ കാണാനായി നിർദേശം. അൽപം കഴിഞ്ഞപ്പോൾ കാറുമായി കൊരട്ടി സ്റ്റേഷനിൽ എത്താനായി നിർദേശം. അവിടെ എത്തിയിട്ടും മോചനമില്ല. കേസുണ്ടെങ്കിൽ പിഴയൊടുക്കാം, നിയമനടപടി നേരിടാം എന്ന് ഇവിടെയെയെല്ലാം നിധിൻ പറഞ്ഞെങ്കിലും ഒരു നടപടിക്കും തയ്യാറാകാതെ, ജഡ്ജി പറഞ്ഞാൽ‌ വിട്ടയക്കാം എന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. നിധിൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

വൃക്കരോഗിയായ മിഥുന്റെ അച്ഛനും മൂന്നു വയസ്സുള്ള കുട്ടിയും ഭക്ഷണം പോലും ഇല്ലാതെയാണ് ഈ സമയമത്രയും കഴിച്ചുകൂട്ടിയത്. അന്യായമായി തടഞ്ഞുവച്ചതിന് പുറമെ ആലുവയിലെ ട്രാഫിക് ഉദ്യോഗസ്ഥൻ വളരെ പരുഷമായാണ് കുടുംബത്തോട് പെരുമാറിയതെന്നും നിധിൻ പറയുന്നു. ഒടുവില്‍ വൈകിട്ട് നാലരയോടെയാണ് വിട്ടയക്കാൻ തയ്യാറായത്. ജഡ്ജി ആരാണെന്ന് അറിയില്ല, എന്നാൽ കോഴിക്കോട് ജോലി ചെയ്യുന്നയാളാണെ് പൊലീസ് സ്റ്റേഷൻ രേഖകളിൽ കുറിച്ചത് താൻ കണ്ടുവെന്നും നിധിൻ പറഞ്ഞു.