'നീതിക്കായി ഇനി ആരോട് പറയണം..?'; ക്ഷീര കര്‍ഷകനോട് ബാങ്കിന്‍റെ ചതി

പശുവിനെ വളര്‍ത്തി ജീവിക്കാന്‍ വേണ്ടി കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ മുക്കം ശാഖയില്‍ നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്ത ക്ഷീര കര്‍ഷകനോട് ബാങ്ക് ചെയ്തത് കണ്ണില്‍ചോരയില്ലാത്ത നടപടി. മറ്റൊരു ബാങ്കില്‍ നിന്ന് കടമെടുത്താണങ്കിലും പറഞ്ഞ സമയത്തിനുള്ളില്‍ മുതലും പലിശയും തിരിച്ചടച്ച മുരിങ്ങംപുറായി സ്വദേശി മുഹമ്മദിന് ഇന്നുവരെ ബാങ്ക് സബ്സിഡി തുക നല്‍കിയിട്ടില്ല. പലതവണ ബാങ്കില്‍ കയറിയിറങ്ങിയിട്ടും മുഹമ്മദിനോട് എന്ത് സംഭവിച്ചുവെന്ന് പറയാനുള്ള സാമാന്യമര്യാദ പോലും ബാങ്കുകാര്‍ കാണിക്കുന്നില്ല.

ഇനി ആരോട് പറയണമെന്ന് അറിയില്ല. വര്‍ഷങ്ങളായി സബ്് സിഡി തുകയ്ക്കായി  ബാങ്കിന്റ പടി കയറാന്‍ തുടങ്ങിയിട്ട് . 2018ല്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ മുക്കം ശാഖയില്‍ നിന്നാണ് നാലര ലക്ഷം രൂപ വായ്പയെടുത്തത്. നാലുപേര്‍ ചേര്‍ന്ന് സ്വാശ്രയ സംഘം രൂപീകരിച്ച് വായ്പയെടുക്കുമ്പോള്‍, ഒരു ലക്ഷം രൂപയ്ക്ക് 25,000 രൂപ സബ്സീഡി കിട്ടുമെന്നായിരുന്നു വാഗ്ദാനം. പറഞ്ഞ സമയത്ത് മുഹമ്മദ് തിരിച്ചടവും പൂര്‍ത്തിയാക്കി. 

കൈയില്‍ പണമില്ലാതിരുന്നിട്ടും സബ്സിഡി നഷ്ടപ്പെടാതിരിക്കാന്‍ മറ്റ് ബാങ്കില്‍ നിന്ന് കടമെടുത്താണ് മുഹമ്മദ്  വായ്പ തിരിച്ചടച്ചത്. കിട്ടുന്ന സബ്സിഡി തുകകൊണ്ട് കടം വീട്ടാമെന്നായിരുന്നു പ്രതീക്ഷ.   സഹകരണബാങ്ക് മാറി കേരളബാങ്ക് വന്നിട്ടും  നീതി ലഭിച്ചില്ല.  മറ്റ് പലര്‍ക്കും ഇതുപോലെ സബ്സിഡിത്തുക കിട്ടാനുണ്ടെന്ന്  മുഹമ്മദ് പറയുന്നു. ബാങ്കുകളിലെ വായ്പാ ക്രമക്കേടിന്റ പേരില്‍ പലര്‍ക്കും ജീവനൊടുക്കേണ്ടിവരുമ്പോള്‍ മുഹമ്മദിനെ പോലുള്ളവരുടെ പരാതികള്‍ അടിയന്തരമായി പരിഹരിച്ചേ മതിയാകു. 

Enter AMP Embedded Script