വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വൈകി; തിരുവനന്തപുരം മെഡി. കോളജില്‍ മരണം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് വീണ്ടും മരണം. ഉച്ചക്കട സ്വദേശി സജികുമാറാണ് മരിച്ചത്. വൃക്കയെത്തിച്ച് ഏഴര മണിക്കൂറോളം വൈകിയാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്ന് ആരോപണമുണ്ട്. ബന്ധുക്കള്‍ പരാതി നല്കിയിട്ടില്ല.

കഴിഞ്ഞ 25നാണ് സജികുമാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയായിരുന്ന ഗോപികാറാണിയുടെ വൃക്കയാണ് സജികുമാറിന് മാററിവച്ചത്.  ശസ്ക്രിയയ്ക്കുശേഷം ഗുരുതരാവസ്ഥയിലായ സജികുമാര്‍ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ശ്രീചിത്രയില്‍ നിന്ന് പുലര്‍ച്ചെ ഒരുണിയോടെ എത്തിച്ച വൃക്ക,  മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചത് മണിക്കൂറുകള്‍ വൈകി രാവിലെ എട്ടരയ്ക്കാണ്.   ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചെങ്കിലും പരാതി നല്കിയിട്ടില്ല. ഗുരുതരാവസ്ഥയിലുളള രോഗിയായിരുന്നുവെന്നും രോഗം സങ്കീര്‍ണമായാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടു നല്കിയത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.  ജൂണ്‍ 21 ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സുരേഷ് കുമാറെന്നയാളുടെ മരണം വിവാദമായിരുന്നു. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ മുന്നൊരുക്കങ്ങളില്‍ നെഫ്റോളജി , യൂറോളജി വിഭാഗങ്ങള്‍ക്ക് ഗുരുതര വീഴ്ച  സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒാഗസ്ററില്‍ കൊല്ലം സ്വദേശിയായ യുവാവും വൃക്ക മാററിവയ്ക്കലിനേത്തുടര്‍ന്ന്  മരിച്ചിരുന്നു.