വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം: വകുപ്പ് മേധാവിക്ക് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച കേസിൽ നെഫ്രോളജി വകുപ്പു മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്.  ഏകോപനത്തിന് ചുമതലയുള്ള  കെ സോട്ടോ കോർഡിനേറ്റേഴ്സ് സ്ഥലത്തുണ്ടായിരുന്നില്ല. അവയ ദാനം കാത്തിരിക്കുന്നവരുടെ ലിസ്റ്റ് പുതുക്കിയതിൽ മാനദണ്ഡം പാലിച്ചില്ല. മരണ കാരണം കാലതാമസം കാരണമല്ലെന്നും റിപ്പോർട്ടിലുണ്ട്.   ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വീഴ്ച വരുത്തിയവർക്കെതിരെ  നടപടിക്ക് നിർദേശം നല്കിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. 

ജൂൺ 19 നാണ് കാരക്കോണം കുമാർ ഭവനിൽ ജി സുരേഷ് കുമാർ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. പിറ്റേന്ന് മരണത്തിന് കീഴടങ്ങി. മരണം കാലതാമസം കാരണമല്ലെങ്കിലും അവയവദാന നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട പ്രൊട്ടോക്കോൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് അന്വേഷണ റിപ്പോർട്ട്. ശസ്ത്രക്രിയയുടെ സമയത്ത് സ്ഥലത്തില്ലാതിരുന്ന നെഫ്റോളജി വകുപ്പു മേധാവി ജേക്കബ് ജോർജ് ചുമതലകൾ കൈമാറുകയോ ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്യാതെയാണ് ഡൽഹിയ്ക്ക് പോയത്. വകുപ്പിലെ ഡോക്ടർമാർക്ക് യഥാസമയം നിർദേശം നല്കിയില്ല. 

അവയദാന പ്രക്രിയ സുതാര്യമായി  നടത്തുന്നതിനു വേണ്ടി സർക്കാർ രൂപീകരിച്ച സൊസൈറ്റി കെ സോട്ടോയുടെ കോർഡിനേറ്റേഴ്സ് സ്ഥലത്തില്ലായിരുന്നു. ജീവനക്കാരെ ചുമതലപ്പെടുത്തുന്നതിൽ കെസോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടറും വീഴ്ച വരുത്തി. അവയവം കാത്തിരിക്കുന്നവരുടെ ലിസ്റ്റ് ഏപ്രിൽ മാസത്തിൽ പുതുക്കിയത് മാനദണ്ഡം പാലിച്ചല്ലെന്നും കണ്ടെത്തലുണ്ട്. റജിസ്റ്റർ ചെയ്ത രോഗികളുടെ ഫോളോ അപ് കൃത്യമല്ല. വൃക്ക സ്വീകരിച്ച രോഗിയെ ഒരു വർഷത്തിനിടെ ഫോളോ അപ് ചെയ്തിട്ടില്ലെന്നതും വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. നെഫ്രോളജി, യൂറോളജി വകുപ്പ് മേധാവിമാർ നിലവിൽ സസ് പെൻഷനിലാണ്. ഇവരുടെ സസ് പെൻഷൻ പിൻവലിച്ച് വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും അന്വേഷണ റിപ്പോർട്ടിൽ അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ശുപാർശ ചെയ്യുന്നുണ്ട്. 

സുരേഷ് കുമാറിൻ്റെ മരണവും ജീവനക്കാരല്ലാത്തവർ വൃക്കയടങ്ങിയ പെട്ടിയെടുത്തതും തുടർന്നുണ്ടായ ആശയക്കുഴപ്പവും വൻ വിവാദമായതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.