സില്‍വര്‍ലൈന്‍ മരവിപ്പിച്ചിട്ടില്ല; ഭൂരിപക്ഷം ജനങ്ങളും പദ്ധതിയെ അനുകൂലിക്കുന്നു; കെ റെയില്‍

സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് കെ റെയില്‍. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിയെ അനുകൂലിക്കുകയാണ്. പദ്ധതിക്കെടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള ഉത്തരവാദിത്വം കെ റെയിലിനാണെന്നും അധികൃതര്‍ ഓണ്‍ലൈന്‍ സംവാദത്തില്‍ പറഞ്ഞു.

ജനകീയ പ്രതിഷേധം മൂലം സില്‍വര്‍ലൈന്‍ സര്‍വേയും സാമൂഹികാഘാതപഠനവും തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് കെ റെയില്‍ അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. സര്‍വേ നിര്‍ത്തിയിട്ടില്ലെന്നും കല്ലിട്ട സ്ഥലങ്ങളില്‍ സാമൂഹികാഘാതപഠനം നടക്കുകയാണെന്നും എം.ഡി വി.അജിത്ത് കുമാര്‍ പറഞ്ഞു. 

ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിയെ അനുകൂലിക്കുന്നവരാണെന്നും ഓണ്‍ലൈനായി ലഭിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ കെ റെയില്‍ അധികൃതര്‍ പറഞ്ഞു.ഏതുപദ്ധതി വരുമ്പോഴും എതിര്‍ക്കുന്ന ചിലരാകും ഈ പദ്ധതിയെയും എതിര്‍ക്കുന്നത്. സില്‍വര്‍ലൈന്‍ വേണ്ട എന്ന ചര്‍ച്ചകള്‍ നടക്കുന്നതായി കണ്ടില്ലെന്നും കെ റെയില്‍ അധികൃതര്‍ പറയുന്നു. 

പദ്ധതിക്കായി എടുക്കുന്ന വായ്പയുടെ പലിശയും മുതലും തിരിച്ചടയ്ക്കാനുള്ള ചുമതല കെ റെയിലിനാണ്. തിരിച്ചടവില്‍ കെ റെയില്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദത്വം സംസ്ഥാന സര്‍ക്കാരിനും. പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഫെയ്സ്ബുക്ക് ലൈവിന് താഴെ കമന്‍റുകളായി പ്രതിഷേധം രേഖപ്പെടുത്തി. ഓണ്‍ലൈന്‍ സംവാദം തുടരാനാണ് കെ റെയിലിന്‍റെ തീരുമാനം.