പഠനം നിര്‍ത്തിവച്ചിട്ട് ഒരു വര്‍ഷം; എങ്ങുമെത്താതെ സിൽവർ ലൈൻ പദ്ധതി

നാളെ നടപ്പിലാകുന്ന പദ്ധതിയെന്ന് മുഖ്യമന്ത്രി യു.എസില്‍ പറഞ്ഞ സില്‍വര്‍ലൈനിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ച നിലയില്‍. ജനകീയ പ്രതിഷേധം  കടുത്തതിനെ തുടര്‍ന്ന് സാമൂഹികാഘാത പഠനം നിര്‍ത്തിവച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. പദ്ധതിയുടെ എന്‍ജിനീയറിങ് ഒരുക്കങ്ങളുടെ ഭാഗമായ ഡ്രോയിങ് പോലും അവസാനിപ്പിച്ചിരിക്കുകയാണ്.

അമേരിക്കയില്‍ ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയാണെങ്കിലും സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ഇപ്പോള്‍ ഒന്നും നടക്കുന്നില്ലെന്നതാണ് വസ്തുത. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളും കെ റെയില്‍ കോര്‍പറേഷന്‍ നടത്തുന്നില്ല. പദ്ധതിയുടെ സാമൂഹികാഘാത പഠനം നിലച്ചിട്ട് ഒരു വര്‍ഷം  പിന്നിട്ടു. നവംബറില്‍ ഭൂമിയേറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരെ മാതൃവകുപ്പിലേക്ക് മടക്കി വിളിച്ചു. സമഗ്രമായ പാരിസ്ഥിതികാഘാതത്തിന്‍റെ ചുമതല 

ഡല്‍ഹിയിലെ EQMS എന്ന സ്ഥാപനത്തിനായിരുന്നു. നവംബറില്‍ ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍  കേന്ദ്രസര്‍ക്കാരിന്‍റെ അന്തിമാനുമതി ഇല്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ല. സില്‍വര്‍ലൈനിന്‍റെ ഡി.പി.ആര്‍ അപൂര്‍ണമാണെന്ന് കേന്ദ്ര റയില്‍ മന്ത്രി  അശ്വിനി വൈഷ്ണവ് പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. ഡി.പി.ആറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാങ്കേതികവും പാരിസ്ഥിതികവും സാമ്പത്തികവുമായ ആശങ്കകള്‍  ഗൗരവമേറിയതാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഡി.പി.ആര്‍ പുതുക്കണമെന്ന നിര്‍ദേശം കേന്ദ്രത്തില്‍ നിന്ന് വന്നിട്ടില്ലെന്ന് കെ റെയില്‍ അധികൃതര്‍  പറയുന്നു. പദ്ധതിക്കുവേണ്ട റയില്‍വേ ഭൂമിയുടെ വിവരങ്ങള്‍ കെ റെയില്‍ ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറിയെങ്കിലും ഇതുവരെ റെയില്‍വേ ബോര്‍ഡിന് മുന്നില്‍  എത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ഇതാണ് നാളെ നടപ്പിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഇന്നത്തെ അവസ്ഥ

Enter AMP Embedded Script