മണലിലൊരുങ്ങി ഗാന്ധിയും നെഹ്റുവും; വേറിട്ട കാഴ്ചയൊരുക്കി പ്രദർശനം

സ്വാതന്ത്ര്യസമര സേനാനികളുടെ മണൽശിൽപ്പങ്ങളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനമൊരുക്കി കൊച്ചി തുറമുഖ അതോറിട്ടി. ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.

ഗാന്ധിജിയും, നെഹ്റുവും, സർദാർ വല്ലഭായി പട്ടേലുമെല്ലാം ദീപക് മൗത്താട്ടിലിന്റെ കരവിരുതിൽ മണലിലൊരുങ്ങി. കുട്ടികളടക്കം കാണാനെത്തിയവരെല്ലാം  അവരെ നോക്കിക്കണ്ടു. ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി വെല്ലിങ്ടൺ ഐലൻഡിലെ ഗവൺമെന്റ് എൽപി സ്കൂളിലാണ് മണൽ ശിൽപ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്. കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ഡോ.എം.ബീന ഐഎഎസ് പ്രദർശനം  ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷിക്കാരനായ കലാകാരൻ തൃപ്പൂണിത്തുറ സ്വദേശി അഞ്ചൻ സതീഷ് ഒരുക്കിയ സ്വാതന്ത്ര്യ സമരസേനാനികളുടെ കാരിക്കേച്ചറുകളുടെ പ്രദർശനവും കാഴ്ചക്കാരെ ആകർഷിച്ചു. പ്രദർശനം ഇന്നും തുടരും.