ലാബിലെ ജീവനക്കാരിയെ പറ്റിച്ച് പണം കവർന്നു; തട്ടിപ്പിന്റെ അസാ‘മാന്യ’രൂപം; വിഡിയോ

കൊല്ലം കരുനാഗപ്പള്ളിയിൽ സ്വകാര്യ ലാബില്‍ ജീവനക്കാരിയെ കബളിപ്പിച്ച് പണം കവര്‍ന്നു. സ്ഥാപനം ഉടമയുടെ സുഹൃത്ത് എന്ന വ്യാജേന എത്തിയ ആളാണ് പണം വാങ്ങി കടന്നുകളഞ്ഞത്. ഇതിന് മുന്‍പും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇത്തരം മോഷണം നടന്നതായാണ് വിവരം. പ്രതിയെ കണ്ടെത്താനായി അന്വേഷണം തുടങ്ങി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ലാബില്‍ പട്ടാപ്പകലാണ് തട്ടിപ്പ് നടന്നത്. വെളള ഷര്‍ട്ടും പാന്റ്സും ധരിച്ചയാള്‍ ഉച്ചയോടെ ലാബിലെത്തുന്നതായി ദൃശ്യത്തില്‍ കാണാം. സ്ഥാപനത്തിന്റെ ഉടമയും മാനേജറും ഇല്ലേയെന്ന് ജീവനക്കാരിയോട് ചോദ്യം. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ മാനേജരെ ഫോണില്‍ വിളിക്കുകയാണെന്ന് തോന്നുംവിധം അഭിനയം. വിഡിയോ കാണാം.

സംശയം തോന്നാത്ത വിധം ഫോണ്‍ സംഭാഷണം ആയപ്പോള്‍ ജീവനക്കാരിയും വിശ്വസിച്ചു. സ്ഥാപനം നടത്തുന്നവരുമായി ബന്ധമുളളയാളാണെന്ന് തോന്നി. തുടർന്ന് ജോസഫ് എന്നയാൾ പതിനേഴായിരം രൂപ നൽകുമെന്നും അതു വാങ്ങി വയ്ക്കണമെന്നും തട്ടിപ്പുകാരന്റെ നിര്‍ദേശം. പിന്നീടാണ് തന്ത്രപരമായി പണം വാങ്ങിയത്. പതിനേഴായിരം വാങ്ങി വയ്ക്കണമെന്നും ഇവിടെ നിന്ന് 8500 രൂപ വാങ്ങാന്‍ മാനേജര്‍ പറഞ്ഞതായും ജീവനക്കാരിയെ വിശ്വസിപ്പിച്ചു. ജീവനക്കാരി പണം കൊടുക്കുകയും ചെയ്തു. തട്ടിപ്പുകാരന്‍ പോയ ശേഷമാണ് ജീവനക്കാരി അജിതയ്ക്ക് സംശയം തോന്നിയത്. പണം കൊടുത്തകാര്യം മാനേജറെ വിളിച്ച് അറിയിച്ചപ്പോള്‍ തട്ടിപ്പ് ബോധ്യപ്പെട്ടു. കരുനാഗപ്പളളി പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴ, എറണാകുളം ജില്ലയിലും സമാനമായ രീതിയില്‍ വിവിധ സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടന്നതായാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അന്വേഷണം തുടങ്ങി.