ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ചെറുകിട വ്യവസായങ്ങൾ: പി രാജീവ്

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഒരു ലക്ഷം MSMEകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കൊച്ചിയില്‍ ടൈകോണ്‍ കേരള സംരഭകത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സംരഭകര്‍ക്ക് വിശ്വാസത്തോടെ സമീപിക്കാവുന്ന സംസ്ഥാനമാക്കി കേരളം മാറുകയാണെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം ചെറുകിട, ഇടത്തരം വ്യവസായങ്ങളെന്ന ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നത്. ഇതിനായി ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ്ആന്‍ഡ് കൊമേഴ്സിലെ ഉദ്യോഗസ്ഥര്‍ക്ക് മികച്ച പരിശീലനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡാനന്തര കാലത്തെ വാണിജ്യ വ്യവസായ സാധ്യതകളും സാങ്കേതിക വിദ്യകളുമാണ് ഇത്തവണത്തെ ടൈകോണ്‍ കേരള പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഇന്‍ഫോ എഡ്ജ് സ്ഥാപകന്‍ സഞ്ജിവ് ബിഖ്ചന്ദാനി, എംആര്‍എഫ് മാനേജിങ് ഡയറക്ടര്‍ രാഹുല്‍ മാമ്മന്‍ മാപ്പിള, കേരള ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ, കെപിഎംജി ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ എം കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പ്രഭാഷണം നടത്തും