ലോകായുക്ത ബിൽ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു; പോരുയർത്തി പ്രതിപക്ഷം

ലോകായുക്ത നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന പ്രതിപക്ഷ എതിർപ്പിനെ ചൊല്ലിയുള്ള വാദ പ്രതിവാദങ്ങളോടെ ബിൽ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു. നീതിന്യായ വ്യവസ്ഥയുടെ അധികാരം നിയമനിർമാണ സഭ കവരുന്നതാണ്  ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ലോക്പാലിന് അനുസൃതമായി ലോകായുക്ത നിയമത്തെ ശക്തവും നിയമാനുസൃതവുമാക്കാനാണ് ഭേദഗതിയെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു.

ലോകായുക്ത  ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന തടസവാദത്തോടെ പ്രതിപക്ഷം ബിൽ അവതരണത്തെ നേരിട്ടത്. ആരോപിതനായ പൊതുപ്രവർത്തകനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് ഷെൽഫിൽ വെക്കാനാണെങ്കിൽ ലോകായുക്ത എന്തിനാണെന്ന് വി.ഡി.സതീശൻ.

ലോകായുക്ത ജുഡീഷ്യൽ സംവിധാനമല്ലെന്നും അന്വേഷണ ഏജൻസി മാത്രമാണെന്നു നിയമമന്ത്രി പി രാജീവ് വാദിച്ചു. ലോകായുക്ത നിയമം വരുമ്പോൾ ലോക്പാൽ പോലുള്ള മാതൃകകളില്ല. നിലവിലുള്ള വകുപ്പ് അതേ പോലെ നിലനിൽക്കില്ലെന്ന നിയമോപദേശം സർക്കാരിന് കിട്ടിയെന്നും മന്ത്രി. 

മൂലനിയമത്തിൽ മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് കാട്ടി പ്രതിപക്ഷ തടസവാദം സ്പീക്കർ തള്ളി. ലോകായുക്ത ഉത്തരവ് ഹിയറിങ് നടത്തി തള്ളാനും കൊള്ളാനുമുള്ള അധികാരം നിയമന അധികാരികളായ ഗവർണർ, മുഖ്യമന്ത്രി,  എന്നിവർക്ക് നൽകുന്നതാണ് നിയമ ഭേദഗതി. ഇതിന് പകരം മുഖ്യമന്ത്രിക്കെതിരെയുള്ള ഉത്തരവുകളിൽ നിയമസഭയ്ക്കും മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിക്കും എം.എൽ എ മാരുടെ കാര്യത്തിൽ സ്പീക്കർക്കും തീരുമാനം എടുക്കാൻ അധികാരം നൽകണമെന്ന നിർദേശം സി.പി.ഐ മുന്നോട്ട് വെച്ചിട്ടുണ്ട്. സബ്ജകറ്റ് കമ്മറ്റിയുടെ പരിഗണനയ്ക്ക് ശേഷം ഇത് ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തും