കുത്തകപ്പാട്ട ഭൂമിയിലെ മരം മുറിക്കുന്നത് വിലക്കി വനംവകുപ്പ്; കർഷകർ പ്രതിസന്ധിയിൽ

ഇടുക്കിയിലെ കുത്തകപ്പാട്ട ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിന് തടയിട്ട് വനംവകുപ്പ്. കുത്തകപ്പാട്ട ഭൂമിയിൽ സർക്കാർ നിർദേശപ്രകാരം കർഷകർ നട്ടുവളർത്തിയ മരങ്ങൾ പോലും മുറിക്കരുതെന്നാണ് വനംവകുപ്പിനെ കർശന നിർദേശം. ഇതോടെ മാഞ്ചിയം പോലുള്ള മരങ്ങൾ പോലും മുറിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് കർഷകർ.

ഇത് കര്‍ഷകനായ ജോബ് ജോസഫ്. രണ്ടര വര്‍ഷം മുന്‍പ് അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് ജോബിന്റെ ജീവിതം ദുരിതത്തിലായത്. കോവിഡ് പ്രതിസന്ധിക്കിടെ ചികില്‍സയ്ക്കും നിത്യചെലവിനുമാണ്  പുരയിടത്തില്‍ നട്ടുവളര്‍ത്തിയ മാഞ്ചിയം വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മരങ്ങൾ മുറിച്ച് വില്‍കാന്‍ അനുവദിക്കില്ലന്ന കർശന നിലപാടിലാണ് വനംവകുപ്പ്.

ഇദ്ദേഹത്തെ പോലെ അയിരക്കണക്കിന് കർഷകരാണ് കുത്തകപ്പാട്ട ഭൂമികളിൽ കൃഷി ചെയ്ത് ഉപജീവനം നടത്തുന്നത്. വരുമാനം ലക്ഷ്യമിട്ടാണ് പലരും മരങ്ങള്‍ നട്ടത്. പക്ഷെ വനം വകുപ്പിന്റെ നിലപാടാണ് തിരിച്ചടി. വനം വകുപ്പിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. വിവാദ ഉത്തരവ് പിന്‍വലിച്ച് മരം മുറിക്കാനുള്ള അനുമതി നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.