ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾ; രക്ഷിതാക്കൾ ശ്രദ്ധിക്കണം; മുന്നറിയിപ്പ്

കുട്ടികളുടെ ജീവനെടുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. മനോരമ ന്യൂസ് 'മരണക്കളി' കാംപയ്ന്‍ മുന്‍നിര്‍ത്തിയാണ് പൊലീസ് ഇടപെടല്‍.  ഗെയിമിന് അടിമകളാകുന്ന കുട്ടികൾ ജീവൻ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തുന്നുണ്ടെന്നും രക്ഷിതാക്കളുടെ അടിയന്തര ഇടപെടല്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. 

ഓൺലൈനിലെ കൂട്ടുകളികൾ മരണക്കളികളാകരുതെന്ന് എടുത്ത് പറഞ്ഞാണ് മനോമ ന്യൂസ്‌ മരണക്കളി അന്വേഷണപരമ്പരയിൽ പൊലിസ് ഇടപെടൽ.  ജാഗ്രത നിർദേശങ്ങൾ എല്ലാം രക്ഷിതാക്കൾക്കാണ്. 2021 ലെ പഠന റിപ്പോർട്ട് പ്രകാരം നാലിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയർ ഗെയിം കളിക്കുന്നുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്.ഫ്രീ ഫയർ പോലുള്ള ഗെയിം ഏത് ഫോണിലും എളുപ്പം ഉപയോഗിക്കാം ഇത് കുട്ടികളെ ആകർഷിക്കുന്നു.

കഥാപാത്രംങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രതിപ്രവർത്തിക്കുന്നു. ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ലഭിക്കാനുള്ള  വഴിയൊരുക്കുന്നു എന്ന് വ്യക്തമാക്കുന്ന പൊലിസ് ഗെയിം പലവിധ ചൂഷണങ്ങൾക്ക് കുട്ടികളെ ഇറകളാക്കുന്നതായും പറയുന്നു ഗെയിമുകളുടെ അമിതമായ ഉപയോഗം  കാഴ്ച ശക്തിയെ സാരമായി ബാധിക്കുന്നു. 

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും അവരെ മറ്റു പലകാര്യങ്ങളിൽ വ്യാപൃതരാക്കുകയും ചെയ്യുക. കായികവിനോദങ്ങളിൽ ഏർപ്പെടാനും അതിലൂടെ ശാരീരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുക. മാതാപിതാക്കൾ  കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങൾ മനസിലാക്കുകയും ചെയ്യുക. തുടങ്ങിയ നിർദേശങ്ങളിലാണ്‌ കേരള പോലീന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലെ കുറിപ്പ് അവസാനിക്കുന്നത്.