ക്രെഡിറ്റ് കാർഡിന്റെ മറവിലും തട്ടിപ്പ്; മർച്ചന്റ് നേവി ഉദ്യോഗസ്ഥന് 3.5 ലക്ഷം നഷ്ടമായി

ക്രെഡിറ്റ് കാർഡിന്റെ മറവിലും ഓൺലൈൻ പണം തട്ടിപ്പ്.  കോഴിക്കോട് സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥന് മൂന്നര ലക്ഷം രൂപ നഷ്ടമായി. ബാങ്ക് ക്രെഡിറ്റ് കാർഡിൽ സമ്മാനം ലഭിച്ചുവെന്ന വ്യാജ സന്ദേശത്തിലാണ് തട്ടിപ്പ്. കോഴിക്കോട് മീഞ്ചന്ത സ്വദേശി സുമിത് ലാലാണ് ഓൺലൈൻ തട്ടിപ്പുകാരുടെ കെണിയിൽ പെട്ടത്. മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സുമിതിന് രണ്ട് തവണയായാണ് മൂന്നര ലക്ഷം രൂപ നഷ്ടമായത്. തട്ടിപ്പുകാർ യുവാവിനെ കെണിയിൽ പെടുത്തിയത് ഇങ്ങനെ. ബാങ്ക്  ക്രഡിറ്റ് കാർഡിൽ സമ്മാനമായി പണം ലഭിച്ചുവെന്ന് അറിയിച്ച് ഫോൺ കോൾ വരുന്നു. പിന്നീട് തട്ടിപ്പുകാർ നൽകിയ വെബ്ബ് വിലാസത്തിൽ വിവരങ്ങൾ പൂരിപ്പിച്ച് നൽകാൻ യുവാവിനോട് നിർദ്ദേശിച്ചു. തൊട്ടു പിന്നാലെ ഫോണിലേക്ക് ഒടിപി വരികയും അക്കൌണ്ടിൽ നിന്ന് 1,50000 രൂപ നഷ്ടപ്പെട്ടതായും സന്ദേശം എത്തി.

അരമണിക്കൂറിന് ശേഷം രണ്ടാമത്തെ ഒടിപിയും. പിന്നാലെ 1,90000 രൂപയാണ്  നഷ്ടമായത്.  ചതിയാണെന്ന്  യുവാവ് തിരിച്ചറിഞ്ഞതോടെ കാർഡ് ബ്ലോക്ക് ചെയ്തു. ബാങ്ക് അധികൃതരിൽ നിന്ന് അനൂകൂല മറുപടിയൊന്നും ലഭിച്ചിട്ടില്ല. കോഴിക്കോട് സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.