ഓൺലൈൻ വഴി സൗഹൃദം; കോടികൾ തട്ടി; യുവാവും സുഹൃത്തും പിടിയിൽ

ഓൺലൈൻ വഴി സൗഹൃദം സ്ഥാപിച്ച് കോടികൾ തട്ടിയ കേസിൽ നൈജീരിയൻ യുവാവും വനിതാ സുഹൃത്തും പാലക്കാട് അറസ്റ്റിൽ. നൈജീരിയൻ സ്വദേശി ചിനേഡു ഹൈഷ്യന്റ്, നാഗാലാൻഡ് സ്വദേശിനി രാധിക എന്നിവരെയാണ് സൈബർ സെൽ പൊലീസ് ദില്ലിയിലെ താമസ സ്ഥലത്ത് നിന്ന് പിടികൂടിയത്. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ നിരവധിയാളുകളാണ് തട്ടിപ്പിന് ഇരയായത്. മാനഹാനി ഭയന്ന് പലരും പരാതി നൽകാൻ താൽപര്യം കാണിക്കാത്തത് തട്ടിപ്പുകാർക്ക് കൂടുതൽ അവസരമൊരുക്കി.

നവമാധ്യമങ്ങളിൽ തെരഞ്ഞ് ഉന്നത ശ്രേണിയിലുള്ള യുവാക്കളെ കണ്ടെത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. സൗഹൃദം തുടങ്ങുന്നതിനായി പരീക്ഷണ സന്ദേശമയയ്ക്കും. ചൂണ്ടയിൽ കുരുങ്ങിയെന്ന് ബോധ്യപ്പെട്ടാൽ ഒരിക്കലും പിൻവാങ്ങാൻ കഴിയാത്ത തരത്തിലുള്ള കപട സൗഹൃദ വഴിയൊരുക്കും. ഹലോയിൽ തുടങ്ങി തിരിച്ചുള്ള പ്രതികരണത്തിന് അനുസരിച്ച് സന്ദേശങ്ങളുടെ എരിവും പുളിയും കൂടും. ബിസിനസ് സംരംഭങ്ങളിൽ ഉൾപ്പെടെ മികവറിയിച്ച പ്രമുഖരുടെ ഫോട്ടോയാണ് വ്യാജ അക്കൗണ്ടിൽ ചേർത്തിരുന്നത്. പലപ്പോഴും തട്ടിപ്പുകാരുടെ വലയിൽ വിദ്യാ സമ്പന്നർ ഉൾപ്പെടെ വേഗം കുടുങ്ങാനും ഇത് കാരണമായി. സൗഹൃദ കുരുക്കിൽ അകപ്പെടുന്നവരോട് അപ്രതീക്ഷിത സമ്മാനം അയയ്ക്കുന്നുണ്ടെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിക്കും. വിമാനക്കൂലി, സർവീസ് ചാർജ്, നികുതി തുടങ്ങിയ ഇനത്തിൽ വലിയ തുക അടച്ചാൽ സമ്മാനം സ്വന്തമാക്കാനാകുമെന്നാണ് വാഗ്ദാനം. 

മുൻകൂറായി പണം അടച്ചാൽ സമ്മാനം കിട്ടുന്നതിന് പിന്നാലെ ഈ തുക അക്കൗണ്ടിലേക്ക് മടങ്ങിയെത്തുമെന്നും ഉറപ്പിച്ച് പറയും. ഇതെല്ലാം വിശ്വസിച്ച് മറ്റൊന്നും ചിന്തിക്കാതെ പണം നൽകിയവരാണ് ലക്ഷങ്ങൾ നഷ്ടപ്പെട്ടവരായി മാറിയത്. പരമാവധി തുക കിട്ടിയെന്ന് ഉറപ്പാക്കിയാൽപ്പിന്നെ തട്ടിപ്പുകാർ നിരന്തരം ബന്ധപ്പെട്ടിരുന്ന നവമാധ്യമ അക്കൗണ്ട് നിശ്ചലമാകും. പണമെല്ലാം പോയിരുന്നത് നൈജീരിയൻ അക്കൗണ്ടിലേക്കാണ്. തട്ടിപ്പുകാരുടെ കണ്ണിയായി പ്രവർത്തിച്ചിരുന്ന ചിനേഡു ഹൈഷ്യന്റിനും രാധികയ്ക്കും കമ്മിഷൻ വ്യവസ്ഥയിലാരുന്നു പണം കിട്ടിയത്. സ്ത്രീകളെ മുൻ നിർത്തി തട്ടിപ്പ് ആസൂത്രണം ചെയ്തത് പൊലീസ് പിടിയിലാകും വരെ ഇവർക്ക് കോടികളാണ് സ്വന്തമാക്കാൻ സഹായിച്ചത്. കഞ്ചിക്കോട് ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരനായ ഇരുപത്തി ഏഴുകാരന് നാലേ മുക്കാൽ ലക്ഷം രൂപയാണ് നഷ്ടമായത്.

ഫോൺ വിളി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം ദില്ലിയിലെ ഉദ്ദം നഗർ പരിസരത്ത് താമസിക്കുന്നതായി മനസിലായത്. പിന്നാലെ പാലക്കാട് നിന്നുള്ള പ്രത്യേക പൊലീസ് സംഘം ദില്ലിയിലെത്തി വിപുലമായ തെരച്ചിൽ നടത്തി ഇരുവരെയും പിടികൂടിയത്. പൊലീസ് സാന്നിധ്യം മനസിലാക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൂടുതൽ ദൂരത്തേക്ക് സഞ്ചരിക്കാൻ കഴിഞ്ഞില്ല. പിടിയിലായവരുടെ അക്കൗണ്ടിൽ കാര്യമായി പണം കണ്ടെത്താനായില്ല. എന്നാൽ തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ തട്ടിപ്പ് സംഘത്തിലെ മറ്റ് നൈജീരിയൻ സ്വദേശികളെക്കൂടി പിടികൂടാൻ ശ്രമം തുടരുമെന്ന്  സൈബർ പൊലീസ് സംഘം വ്യക്തമാക്കി.