നെൽക്കൃഷി വ്യാപിപ്പിക്കാനുള്ള ധനസഹായം; പദ്ധതി വിഹിതം വെട്ടിക്കുറച്ചു; കർഷകർ നിരാശയിൽ

നെല്‍ക്കൃഷി വ്യാപിപ്പിക്കാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയുെട വിഹിതം നാല്‍പ്പത് ശതമാനം വെട്ടിച്ചുരുക്കിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. ഒന്നാം വിളയുടെ സമയത്താണ് കര്‍ഷകരെ നിരുല്‍സാഹപ്പെടുത്തുന്ന നടപടി. പാലക്കാടുള്‍പ്പെടെ നെല്‍കൃഷി കൂടുതലായുള്ള ഇടങ്ങളില്‍ പലരും കൃഷി ഉപേക്ഷിക്കുന്നതിന് കാരണമാകുമെന്നാണ് ആക്ഷേപം. വിഡിയോ റിപ്പോർട്ട് കാണാം. 

വര്‍ഷം തോറും കൃഷിയും വിളവും വര്‍ധിക്കുമ്പോഴാണ് സഹായത്തില്‍ കുറവു വരുത്തിയത്. നാല്‍പ്പത് ശതമാനം വെട്ടിക്കുറച്ചത് പലരെയും നെല്‍കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കും. രണ്ട് സീസണുകളിലായി കൃഷിയിറക്കുന്ന പാലക്കാട് ജില്ലയ്ക്ക് ഒരു സീസണില്‍ മാത്രം എണ്‍പത്തി എട്ടായിരം ഹെക്ടറിന് വരെ നല്‍കിയിരുന്ന തുക ഇത്തവണ മുപ്പത്തി അയ്യായിരം ഹെക്ടറിലേക്കു ചുരുക്കി. വളം, നടീല്‍, വിത്ത്, കീടനാശിനികള്‍, എന്നിവയ്ക്കുള്ള സഹായമായി കര്‍ഷകരുടെ അക്കൗണ്ടിലേക്കു പണം നല്‍കുന്നതാണ് 10 വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതി. ഒരു വിളയ്ക്ക് ഹെക്ടറിന് അയ്യായിരത്തി അഞ്ഞൂറ് രൂപയാണ് നല്‍കിയിരുന്നത്. രണ്ട് തവണ കൃഷിയിറക്കുന്നവര്‍ക്ക് വര്‍ഷം പതിനൊന്നായിരം രൂപ ലഭിക്കുന്നത് വലിയ ആശ്വാസമായിരുന്നു. പുതിയ തീരുമാനം പലരെയും കൃഷി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് വിമര്‍ശനം. 

പാലക്കാട് ജില്ലയില്‍ എഴുപത്തി അയ്യായിരം ഹെക്ടറിലേറെ സ്ഥലത്ത് െനല്‍കൃഷിയുണ്ട്. പരിപാലനത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന സഹായവും പരിമിതമാണ്. ഈ പ്രതിസന്ധിക്കിടയിലാണ് മുടങ്ങാതെ ലഭിച്ചിരുന്ന ആനുകൂല്യത്തിന്റെ കടയ്ക്കലും കൃഷിവകുപ്പ് കത്തിവച്ചത്.