തരിശു പാടത്ത് വിത്തെറിഞ്ഞ് കർഷക കൂട്ടായ്മ

നാലു പതിറ്റാണ്ടായി തരിശു കിടന്ന പാടത്ത് വിത്തെറിഞ്ഞ് വൈക്കം കല്ലറയിലെ കര്‍ഷക കൂട്ടായ്മ. മുണ്ടാർ ആറാം ബ്ലോക്കിലാണ് തരിശുരഹിത പഞ്ചായത്ത് പദ്ധതിയിൽ നെൽകൃഷി പുനരാരംഭിച്ചത്. കടുത്തുത്തുരുത്തി എംഎല്‍എ മോൻസ് ജോസഫാണ് ആദ്യ വിത്തെറിഞ്ഞ് കൃഷിക്ക് തുടക്കം കുറിച്ചത്.   

കാർഷിക മേഖലയായ മുണ്ടാറിലെ തരിശു കിടന്ന 46 ഏക്കർ പാടശേഖരത്തിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ആറാം ബ്ലോക്കിലെ14 ഏക്കറുള്ള ആരിശ്ശേരി പാടത്താണ് ആദ്യഘട്ടത്തില്‍ വിത്തെറിഞ്ഞത്. പുറംബണ്ടുകളും വാടകക്കെടുത്ത മോട്ടോറും സ്ഥാപിച്ചാണ് കർഷകർ വിതക്ക് തയ്യാറായത്. യന്ത്രസഹായത്തോടെ ആറ്മാസം കൊണ്ട് കാടുകൾ നീക്കി നിലമൊരുക്കി. ഏക്കറിന് പതിനായിരം രൂപ വീതം കൃഷി വകുപ്പ് നല്‍കി. കൂടാതെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് മോട്ടോർ സ്ഥാപിക്കാനുള്ള തുകയും ഉഴവ് കൂലിയായി ഏക്കറിന് 400 രൂപയും കൃഷി വകുപ്പ് നല്‍കി. ഇതോടെ കല്ലറ പഞ്ചായത്തിൽ മുണ്ടാർ, പെരുന്തുരുത്ത്, താമരചാൽ, എക്കമ എന്നീ കാർഷിക മേഖലയിലെ 1500 ഏക്കറില്‍ കൃഷിയിറങ്ങി. 

തരിശ് കിടക്കുന്ന 160 ഏക്കറില്‍ കൂടി അടുത്ത സീസണില്‍ കൃഷിയിറക്കി കല്ലറയെ തരിശുരഹിത പഞ്ചായത്തായി മാറ്റാനാണ് കൃഷി വകുപ്പിന്റെ നീക്കം. 5 വർഷം മുൻപ് പഞ്ചായത്തിൽ 1200 ഹെക്ടറിൽ മാത്രമായിരുന്നു നെൽകൃഷി. നാല് വർഷത്തിനിടെ 17 പാടശേഖരങ്ങളിലായി 1400 കർഷകരാണ് ഇവിടെ നെല്‍ കൃഷിയിലേക്ക് മടങ്ങിയെത്തിയത്. പുറംബണ്ടുകൾ ബലപ്പെടുത്തി മോട്ടോറും പെട്ടിയും പറയുമടക്കം സ്ഥാപിച്ചു നല്‍കാനും കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.