ആറളത്തിന് പുതുജീവൻ നൽകി കര നെൽ കൃഷി; തൊഴിൽ മുന്നേറ്റം ലക്ഷ്യം

ആറളം പുനരധിവാസ മേഖലയ്ക്ക് പുതുജീവന്‍ നല്‍കി നെല്‍ കൃഷി. വന്യ ജീവി സങ്കേതത്തോട് ചേര്‍ന്ന ഏക്കറ് കണക്കിന് സ്ഥലത്താണ് കര നെല്‍ കൃഷി ഒരുക്കിയത്. കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ടുള്ള മുന്നേറ്റം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആറളം ഫാമില്‍ ആദിവാസി മേഖലയിലെ താമസക്കാരെ ഉള്‍പ്പെടുത്തി നാല്‍പ്പത് ഹെക്ടര്‍ സ്ഥലത്താണ് കരനെല്‍കൃഷി ആരംഭിച്ചത്. വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്ന, കാടുകെട്ടിക്കിടന്ന സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൃഷിക്കനുയോജ്യമാക്കുകയായിരുന്നു. ആറളം ഫാമിലെ ഒന്ന്, ഒമ്പത്, പത്ത്, പന്ത്രണ്ട്, പതിമൂന്ന്  ബ്ലോക്കുകളിലാണ് കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് കൃഷിയിറക്കിയത്. 

പരമ്പരാഗത വിത്തിനമായ പാല്‍കയ്മയോടൊപ്പം ഉമ, വൈശാഖ് എന്നീ വിത്തിനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഹെക്ടറില്‍ നിന്ന് മൂവായിരം കിലോ നെല്‍വിത്ത് ഉല്‍പാദിപ്പിക്കുക എന്ന രീതിയിലാണ് കൃഷി. വന്യമൃഗശല്യമുള്ളതിനാല്‍ ചുറ്റും വേലി കെട്ടി സംരക്ഷിക്കുന്നുണ്ട്. കര നെല്‍ കഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് കൃഷി വകുപ്പ് മുന്നോട്ട് പോകുന്നത്.