ചിരിയാണ് കരുത്ത്; തോൽപ്പിച്ചത് അർബുദത്തെ; 'ഉടൻ പണ'ത്തിലും വിജയഗാഥ

ഒരു ചിരിയുടെ കരുത്തില്‍ കാന്‍സറിനെ തോല്‍പിച്ച് ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയാണ് കൊച്ചി പള്ളുരുത്തിയില്‍ നിന്നുള്ള രാജി അനില്‍കുമാര്‍ . ഗുരുതര രോഗകാലത്തെയും അതിജീവിച്ച ഈ അധ്യാപിക മഴവില്‍ മനോരമയിലെ ഉടന്‍ പണത്തിലും ചിരിച്ചുല്ലസിച്ച് സമ്മാനപ്പടവുകള്‍ കയറി. ആ കാഴ്ച ഇന്ന് വൈകിട്ട് ഒന്‍പതുമണിക്ക് മഴവില്‍ മനോരമയില്‍ കാണാം 

അകലംപാലിക്കണമെന്ന കോവിഡ് കാലമന്ത്രത്തിന് ചേരാത്തൊരു പേരാണ് അടുപ്പക്കാര്‍ക്ക് രാജി എന്നത്. ഒന്നടുത്താല്‍ പിന്ന ടീച്ചറുടെ ഈ ചിരി കൂടെയുള്ളവരിലേക്കും പടരും. പ്രതിസന്ധിയുടെ കാലത്ത് അടുത്തിരിക്കുന്നവര്‍ക്ക് എപ്പോഴും ഒരാശ്രയമാണ് എപ്പോഴും ചിരിയില്‍ പ്രകാശിച്ചു നില്‍ക്കുന്ന രാജി ടീച്ചര്‍. കഴിഞ്ഞവര്‍ഷമാണ് കാന്‍സര്‍ ടീച്ചറോടടുത്തത്. ചിരിയുടെ അവകാശം കാന്‍സര്‍ കവരുമോ എന്ന് അടുപ്പക്കാര്‍ കരുതിയ കാലം .

ആരുടെയും സന്തോഷം കെടുത്തേണ്ടെന്നു കരുതി രോഗവിവരം  തേവര സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ തന്റെ കുട്ടികളോട് പോലും ടീച്ചര്‍‌ പങ്കുവച്ചില്ല .  പക്ഷേ ഒന്നുമുണ്ടായില്ല. ആശങ്കയുടെ കാലത്തെ ടീച്ചര്‍ ചികില്‍സയ്ക്കൊപ്പം ചിരിച്ചും തോല്‍പിച്ചു പ്രതിസന്ധികളെ വിജയത്തിലേക്കുള്ള പടവുകളാക്കുന്ന ടീച്ചര്‍  മഴവില്ലിലെ ഉടന്‍പണത്തിലെ ചോദ്യങ്ങളെയും ഉറച്ച ചിരിയോടെയാണ് നേരിട്ടത്. ലോക്ഡൗണായതോടെ ഓണ്‍ലൈനായാണ്‌ ഇപ്പോള്‍ അധ്യാപനം. ഒപ്പം  മനസില്‍ എപ്പോഴും ആഹ്ലാദം നിറയ്ക്കുന്ന ഉദ്യാനപാലനവും.