കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്; പൊലീസിന്‍റെ വീഴ്ച സമ്മതിച്ച് കമ്മീഷണർ

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് അന്വേഷണത്തില്‍ പൊലീസിന്‍റെ വീഴ്ച സമ്മതിച്ച് കമ്മിഷണര്‍ . ഫ്ലാറ്റില്‍ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി രണ്ടുമാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍ വകുപ്പുതല അന്വേഷണം അന്വേഷണം നടത്തും.  ആഡംബര കാറുകളും ഫ്ലാറ്റുകളും സ്വന്തമായുള്ള പ്രതി മാര്‍ട്ടിന്‍ ജോസഫിന്‍റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. അറസ്റ്റിലായതിനെ തുടര്‍ന്ന്  മാര്‍ട്ടിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 

ലൈംഗിക പീഡനത്തിന് ഇരയായെന്നും ബെല്‍റ്റുപയോഗിച്ച് മാര്‍ട്ടിന്‍ ജോസഫ് ക്രൂരമായി മര്‍ദിച്ചെന്നുമുള്ള യുവതിയുടെ പരാതിയില്‍ ഏപ്രില്‍ 8 നാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. രണ്ടുമാസത്തോളം ഇതില്‍ നടപടിയൊന്നുമുണ്ടായില്ല. മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെന്ന മുട്ടാപ്പോക്കില്‍ പ്രതിയെവിടെയെന്ന് തിരയാനും മെനക്കെട്ടില്ല. ക്രൂരമര്‍ദനത്തിന്‍റെ തെളിവുകളായി യുവതിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ശേഷമാണ് പൊലീസ് കാര്യമായി അന്വേഷണം തുടങ്ങിയത്. അന്വേഷണം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ മാര്‍ട്ടിനെ പിടികൂടുകയും ചെയ്തു. രണ്ടുമാസം പരാതിയില്‍ ഉറങ്ങിയ പൊലീസാണ് തൃശൂരില്‍ സാഹസികമായി പ്രതിയെ പിടികൂടിയെന്ന വാദവുമായി രംഗത്തെത്തുന്നത്. പൊലീസിന്‍റെ വീഴ്ച സമ്മതിച്ച കമ്മിഷണര്‍ നടപടി വൈകിയതില്‍  അന്വേഷണമുണ്ടാകുമെന്ന് വ്യക്തമാക്കി. എസിപി എ.ജി.തോമസിനാണ് അന്വേഷണച്ചുമതല. 

ആഡംബര ഫ്ളാറ്റില്‍ അരലക്ഷം രൂപ വാടകയില്‍താമസിച്ചിരുന്ന മാര്‍ട്ടിന്‍ ജോസഫിന്‍റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കും. മാര്‍ട്ടിനെതിരെ മറ്റൊരു യുവതി നല്‍കിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. ഫ്ളാറ്റുകളില്‍ സംശയാസ്പദമായ സാഹചര്യത്തില‍് താമസിക്കുന്നവരെ കേന്ദ്രീകരിച്ച് സമാനമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടോ എന്നും പ്രത്യേക പരിശോധന നടത്തും.