ജീവിതം എയ്ഡ്സ് രോഗികൾക്കായി; വറുതിയുടെ കാലം; കയ്യൊഴിഞ്ഞ് ആരോഗ്യവകുപ്പ്

കോവിഡിനെ ഏറ്റവും ഭയക്കുന്ന എയ്ഡ്സ് ബാധിതരെ സംരക്ഷിക്കാന്‍ ജോലിെചയ്യുന്ന ഫീല്‍ഡ് ജീവനക്കാര്‍ കൊടുംവറുതിയില്‍. ഇരുപതുവര്‍ഷം സര്‍വീസുള്ളവര്‍ക്കുപോലും മാസം ഏഴായിരം രൂപ മാത്രമാണ് ഇവരുടെ ശമ്പളം. പൊതുഗതാഗതം തടഞ്ഞതോടെ തുച്ഛമായ ഈ തുകയില്‍ നിന്നാണ് ഇവര്‍ ദിവസേനയുള്ള യാത്രയ്ക്കടക്കം ചെലവിടുന്നത്.

ഇത് കെ.വി.ബാബു, 44 വയസുകാരന്‍, ഒരു കുടുംബത്തിന്റെ ഏക ആശ്രയമായ ഗൃഹനാഥന്‍. എയ്ഡ്സ് രോഗം തടയാന്‍ ആവിഷ്കരിച്ച സുരക്ഷ പദ്ധതിയിലെ ഫീല്‍ഡ് ജീവനക്കാരനാണ് ഇരുപത് വര്‍ഷമായി ഇദ്ദേഹം. ഇപ്പോഴും ശമ്പളം ഏഴായിരം രൂപ മാത്രം. ബാബുവിനെ പോലെ നൂറുകണക്കിന് തൊഴിലാളികള്‍ അപകടകരമായ സാഹചര്യത്തില്‍ ഈ ജോലി ചെയ്യുന്നുണ്ട്. എയ്ഡ്സ് രോഗികള്‍ക്കിടയിലും രോഗം പിടിപെടാന്‍ സാധ്യതയുള്ളവരിലും ബോധവല്‍കരണവും, ചികില്‍സ സഹായവും നല്‍കുന്നതാണ് ഇവരുടെ ജോലി. പന്ത്രണ്ട് മണിക്കൂറില്‍ കൂടുതല്‍ പലപ്പോഴും ജോലി ചെയ്യുന്ന ജീവനക്കാരില്‍ പലര്‍ക്കും മാസാവസാനം പട്ടിണിയാണ്. 

ജീവിത ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുത്തും മറ്റ് ജോലികള്‍ ചെയ്തുമാണ് മുന്നോട്ട് പോകുന്നത്. കോവിഡും ലോക്ഡൗണും ഒക്കെ വന്നെങ്കിലും ഇവര്‍ കര്‍മനിരതരാണ്. ഭക്ഷ്യകിറ്റുകളെത്തിക്കാനും എയ്ഡ്സ് ബോധവല്‍കരണത്തിനും സജീവമാണ്. പൊതുഗതാഗതം ഇല്ലാത്തതിനാല്‍ സ്വന്തം ചെലവിലാണ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത്.

സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണെന്നും അതുകൊണ്ട് തന്നെ ശമ്പളം വര്‍ധിപ്പിക്കേണ്ടത് കേന്ദ്രമാണെന്നും പറഞ്ഞ് ഇവരെ കൈയൊഴിയുകയാണ് ആരോഗ്യ വകുപ്പ്. പക്ഷെ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഭാഗമായി ജോലിചെയ്യുന്ന ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉയര്‍ന്ന ശമ്പളം നല്‍കുന്നുണ്ട്. ശമ്പള വര്‍ധനവിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിഹിതം വകയിരുത്തണമെന്നാണ് തൊഴിലാളികളുടെ അഭ്യര്‍ഥന.