ചികിൽസയില്ലാതെ 30കാരിക്ക് എയിഡ്സ് പൂർണമായും ഭേദമായി; പ്രതീക്ഷയായി റിപ്പോർട്ട്

Representative Image

അര്‍ജന്‍റീനയില്‍ ചികിത്സയില്ലാതെ എച്ച് ഐ വി രോഗം പൂര്‍ണമായും ഭേദമായെന്ന് അവകാശപ്പെട്ട് മുപ്പതുകാരി. 2013ലാണ് ഇവര്‍ക്ക് എയിഡ്സ് രോഗം സ്ഥിരീകരിച്ചത്. ആന്‍റി റെട്രോവൈറല്‍ മരുന്നുകളൊന്നും 8 വര്‍ഷക്കാലമായി ഇവര്‍ ഉപയോഗിച്ചിരുന്നില്ല. രോഗിയുടെ രക്ത സാംപിളും കോശവും പരിശോധിച്ചതില്‍ വൈറസ് പൂര്‍ണമായും ഇല്ലാതായെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. 'എലൈറ്റ് കണ്‍ട്രോളര്‍' എന്ന സവിശേഷതയുള്ളതിനാല്‍ അണുബാധ വര്‍ഷങ്ങളായി കണ്ടെത്താനായിരുന്നില്ല. പിന്നീട് മരുന്നുകള്‍ നിര്‍ത്തിയതിന് ശേഷം വൈറസ് ഉയര്‍ന്നു വന്നതുമില്ല. എച്ച് ഐ വി രോഗമുക്തി നേടിയ ചുരുക്കം ചിലരിലൊരാളാണ് ഇവര്‍.

2017 മുതല്‍ 2020 വരെ നല്‍കിയ രക്ത സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ വൈറസ് കണ്ടില്ലെന്ന് മാത്രമല്ല, 2020ല്‍ ഇവര്‍ എച്ച് ഐ വി നെഗറ്റീവായ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. എച്ച് ഐ വി ബാധിക്കുമ്പോള്‍  വൈറസ് അതിന്‍റെ ജനതികഘടന ഡിഎന്‍എയിലോ മറ്റ് ജനതികവസ്തുക്കളിലോ സൂക്ഷിക്കും. ആന്‍റി റെട്രോവൈറല്‍ ചികിത്സയിലൂടെ ഇത് പെരുകുന്നത് തടയാനാകുമെങ്കിലും പൂര്‍ണമായും മാറ്റാനാകില്ല. എന്നാല്‍ ഇവിടെ സംഭവിച്ചത് സ്വന്തം രോഗ പ്രതിരോധശേഷിയിലൂടെ രോഗം ഭേദമായതാണ്. 'സ്റ്റെര്‍ലൈസിങ് ക്യുര്‍' എന്നാണ് വൈദ്യശാസ്ത്രത്തില്‍ ഇതിനെ പറയുന്നത്. മനുഷ്യന്‍റെ പ്രതിരോധ സംവിധാനത്തിന്‍റെ ശക്തിയായി ഇതിനെ കണക്കാക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എച്ച് ഐ വിയുടെ പുതിയ വൈറസുകള്‍ക്ക് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കുകയാണ് ഇവരുടെ രോഗ പ്രതിരോധ ശേഷി ചെയ്യുന്നത്. ഇതേ കുറിച്ചുള്ള പഠനം 'അനല്‍സ് ഓഫ് ഇന്‍റേര്‍ണല്‍ മെഡിസിന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ആദ്യമായി സ്വന്തം പ്രതിരോധ ശേഷിയിലൂടെ എച്ച്ഐവിയെ തോല്‍പിച്ചത് യുഎസിലെ ഒരു രോഗിയാണ്. ഇപ്പോള്‍ രണ്ടാമതും ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ എച്ച് ഐ വി രോഗം പൂര്‍ണമായും മാറ്റാനാകുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ കൂടുതല്‍ പഠനങ്ങളും പരിശോധനയും ആവശ്യമാണ്. ലോകമെമ്പാടും, ഏകദേശം 80 ദശലക്ഷം ആളുകൾക്ക് എയിഡ്സ് ബാധിക്കുകയും 36.3 ദശലക്ഷം ആളുകൾ എച്ച് ഐ വി മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്. 2020ൽ 37.7 ദശലക്ഷം ആളുകൾ എച്ച്ഐവി ബാധിതരായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രോഗത്തിനെതിരായ പുരോഗതി കണക്കിലെടുത്താല്‍ 2030നകം തന്നെ പകര്‍ച്ചവ്യാധി അവസാനിപ്പിക്കാമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ നിഗമനം.