സിറിഞ്ചിലൂടെ എയ്ഡ്സ് പകർന്നു, എന്നിട്ടും പൊരുതി മിസ്റ്റർ വേൾഡ് മത്സരവിജയിയായി

ജീവിതം ആഘോഷിക്കുന്നതിന്റെ ഇടയിലെപ്പോഴോ ആണ് ബോഡി ബിൽഡിംഗ് താരം പ്രദീപ് കുമാർ സിംഗ് മയക്കുമരുന്നും ലഹരിയാക്കിയത്. ഇതു തന്നെയായിരുന്നു മണിപ്പൂർ സ്വദേശിയായ പ്രദീപിനെ എയ്ഡ്സ് രോഗത്തിലേക്കും നയിച്ചത്. മറ്റൊരാൾ ഉപയോഗിച്ച സിറിഞ്ചിലൂടെയാണ് പ്രദീപിനെ എയ്ഡ്സ് പകരുന്നത്. ജീവിതം നിലതെറ്റിപോകുമെന്ന് തോന്നിയ നിമിഷം. 2000ലായിരുന്നു ഈ വിവരം അറിയുന്നത്. പക്ഷെ അങ്ങനെ തോറ്റുകൊടുക്കാൻ ഇദ്ദേഹം തയാറായില്ല. ഒരോ നിമിഷവും ബോഡി ബിൽഡിങ്ങിലൂടെ എയ്ഡ്സിനോട് പൊരുതി. മനസും ശരീരവും രോഗത്തെ പ്രതിരോധിക്കാൻ തുടങ്ങി. 2007ൽ പ്രദീപ് മിസ്റ്റർ മണിപ്പൂരി ആയി തിരഞ്ഞെടുക്കപ്പെട്ടു. ആ വേദിയിൽവച്ചാണ് താനൊരു എയ്ഡ്സ് രോഗബാധിതനാണെന്ന് പ്രദീപ് പരസ്യമാക്കുന്നത്. 

രോഗത്തിന് ചികിത്സ നടക്കുമ്പോഴും 2012ല്‍ മിസ്റ്റര്‍ ദക്ഷിണേഷ്യ കിരീടവും അതേ വര്‍ഷം തന്നെ മിസ്റ്റര്‍ വേള്‍ഡ് മത്സരത്തില്‍ വെങ്കല മെഡലും പ്രദീപ്കുമാര്‍ സ്വന്തമാക്കി. പിന്നാലെ അദ്ദേഹം എച്ച്ഐവി എയ്ഡ്സിനെതിരായ ബോധവത്കരണം നടത്തുന്നതിലും സജീവമായി ഇടപെട്ടു.ഇപ്പോൾ മണിപ്പൂര്‍ എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് പ്രദീപ്.

കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രദീപ്കുമാറിന്റെ ഈ പോരാട്ടത്തിന്റെ കഥ ആസ്പദമാക്കി ജയന്ത് കാലിത എന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരു പുസ്തകം പുറത്തിറക്കി. ‘ഞാന്‍ എയ്ഡ്സ് ബാധിതനാണ്, അതിന് എന്താ?’ എന്നാണ് പുസ്തകത്തിന്റെ പേര്.