ഭാര്യക്ക് എച്ച്ഐവി വന്നത് അവിഹിതബന്ധത്തിലെന്ന് സംശയം; മരത്തിൽ കെട്ടിത്തൂക്കി കൊന്നു

എയ്ഡ്സ് ബാധിച്ചത് അവിഹിത ബന്ധത്തിലൂടെ എന്ന് സംശയത്തെ തുടര്‍ന്ന് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു. തെക്കൻ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. ഇവിടെയുള്ള ലർക്കാന ജില്ലയിൽ മാത്രം നിരവധി പേർ എയ്ഡ്സ് ബാധിതരാണ്. നാലു കുട്ടികളുടെ അമ്മയായ 32–കാരിയാണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് ഇവർക്ക് എച്ച്ഐവി ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ഭാര്യക്ക് പരപുരുഷനുമായി ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിക്കുകായിരുന്നു. ഇന്നലെയാണ് ഇയാൾ ഭാര്യയുടെ കഴുത്തിൽ കയർ കുരുക്കി മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. 

ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. വ്യാപകമായി എച്ച്‌ഐവി പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പാക് ആരോഗ്യമന്ത്രാലയത്തിലെ പ്രതിനിധികളും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും സ്ഥലത്ത് പ്രത്യേക അന്വേഷണം നടത്തിയിരുന്നു. എച്ച്‌ഐവി പോസിറ്റീവ് ആയ ഡോക്ടർ മനപ്പൂർവ്വം തന്റെ ശരീരത്തിൽ ഉപയോഗിച്ച സിറിഞ്ച് കൊണ്ട് ആശുപത്രിയിലെ രോഗികളിൽ അണുബാധ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.