എന്‍ഡിഎ നേതാവിന്‍റെ വീട്ടില്‍ ഐസക്കിന്‍റെ അത്താഴം; വോട്ടുകച്ചവടമെന്ന് കോണ്‍ഗ്രസ്

എറണാകുളം വൈപ്പിന്‍ മണ്ഡലത്തില്‍ സിപിഎം ബിജെപി വോട്ടുകച്ചവടമെന്ന ആരോപണവുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കാലത്ത് NDA നേതാവിന്‍റെ വീട്ടിൽ മന്ത്രി തോമസ് ഐസക്കും സ്ഥാനാര്‍ഥിയും അത്താഴവിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലിയാണ് വിവാദം കൊഴുക്കുന്നത്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി പി എം പ്രതികരിച്ചു.

എൻ.ഡി.എ വൈപ്പിൻ നിയോജക മണ്ഡലം കൺവീനർ രഞ്ജിത്ത് രാജ്്വിയുടെ വീട്ടിൽ നടന്ന അത്താഴ വിരുന്നിലാണ് മന്ത്രി തോമസ് ഐസക്കും വൈപ്പിൻ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി കെ.എൻ.ഉണ്ണിക്കൃഷ്ണനും പ്രദേശിക സി പി എം നേതാക്കളും പങ്കെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രി തോമസ് ഐസക്ക്വൈ പ്പിനിലെത്തിയപ്പോഴായിരുന്നു ഈ അത്താഴവിരുന്ന്. സിപിഎം ബിജെപി വോട്ട് കച്ചവടത്തിന്‍റെ ഭാഗമാണ് അത്താഴവിരുന്ന് എന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. 

രഞ്ജിത്തിൻ്റെ ഭാര്യ എസ്.എൻ.ഡി.പി യോഗം വനിത സംഘത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റാണ്. സാമുദായിക നേതാവിനെ കണ്ട് പിന്തുണ തേടാനാണ് അവരുടെ വീട്ടിലെത്തിയതെന്നാണ് സിപിഎം വിശദീകരണം. അത്താഴ വിരുന്നിന് ശേഷം ചെറായിയിലെ ഒരു ഹോട്ടലിൽ ഇടത് അനുകൂല SNDP അംഗങ്ങൾ യോഗം ചേർന്നിരുന്നു.  എൽ.ഡി.എഫ് സ്ഥാനാർത്ഥിയും യോഗത്തിൽ പങ്കെടുത്തു. BDJS വോട്ടുകള്‍ സിപിഎമ്മിന് മറിക്കാനായിരുന്നു ഈ യോഗമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. NDA കൺവീനറുടെ വീട്ടിലെ അത്താഴ വിരുന്നിൽ പങ്കെടുത്തതിനെ കുറിച്ച് തോമസ് ഐസക് മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.