കണ്ടം ചെയ്ത കെഎസ്ആര്‍ടിസി ബസ്; ഇനി കെടിഡിസിയുടെ ഭക്ഷണശാല

കണ്ടം ചെയ്ത കെഎസ്ആര്‍ടിസി ബസിൽ കെടിഡിസിയുടെ ഭക്ഷണശാല ഒരുങ്ങുന്നു. വൈക്കത്താണ് സംസ്ഥാനത്ത് ആദ്യമായി കായലോരത്ത് ബസിൽ കെടിഡിസി റസ്‌റ്റോറന്‍റ് ആരംഭിക്കുന്നത്. നാല്‍പ്പത് ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന ഭക്ഷണശാല അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും.  

മൂന്നാഴ്ച മുന്‍പാണ് കണ്ടം ചെയ്തKSRTC ബസ് ആലുവായിൽ നിന്ന് വൈക്കത്ത് എത്തിച്ചത്. കായലോര ബീച്ചിനോട് ചേർന്നുള്ള 50 സെന്‍റിലാണ് ബസില്‍ ആകർഷകമായ ഭക്ഷണശാല നിർമ്മിക്കുന്നത്. ബസിനു മുകളിൽ ഒരു ഡക്ക് കൂടി ഒരുക്കിയാണ് നിർമാണം.  താഴെത്തെ നില പൂർണ്ണമായും ശീതീകരിക്കും. 

മുകളിലെ ഒാപ്പണ്‍ റസ്റ്റോറന്‍റില്‍ കായൽ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കും. ഒരേ സമയം രണ്ട് നിലകളിലായി അന്‍പത്പേര്‍ക്ക് ഭക്ഷണം കഴിക്കാം. ബസിന് ചുറ്റുമുള്ള സ്ഥലത്ത് ൈൽ പാകി വർണ്ണകുടകൾ സ്ഥാപിച്ച് മനോഹരമാക്കും. വിദേശവിനോദ സഞ്ചാരികൾക്കടക്കമുള്ള ഭക്ഷണവിഭവങ്ങളാകും KTDCഇവിടെ വിളമ്പുക. 

പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന ആധുനിക ശുചിമുറികളും ഇവിടെ സജ്ജമാക്കും. വിജയിച്ചാല്‍ കെടിഡിസിയുടെ മറ്റുകേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ബിയര്‍പാര്‍ലറും ചേര്‍ന്നതാണ് നിലവില്‍ വൈക്കം കായലോരത്ത് ബോട്ടിന്‍റെ മാതൃകയിലുള്ള KTDC യുടെ ഭക്ഷണശാല. അതുകൊണ്ട് തന്നെ ഇവിടെ കുടുംബസമേതം ഭക്ഷണം കഴിക്കാനെത്തുന്നവർ കുറവാണ്. ഇതിന് പരിഹാരംകാണുകയാണ് കെടിഡിസിയുടെ ലക്ഷ്യം.