തീരദേശ ഹര്‍ത്താല്‍ പൂര്‍ണം; പങ്കെടുക്കാതെ ഒരു വിഭാഗം; കൊല്ലത്ത് വാക്കേറ്റം

ആഴക്കടല്‍ മല്‍സ്യബന്ധനകരാറിനെതിരെ മല്‍സ്യമേഖലാ സംരക്ഷണ സമിതിപ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ പൂര്‍ണം. നീലേശ്വരം മുതല്‍ കൊല്ലം വരെ 24 മണിക്കൂറാണ് ഹര്‍ത്താല്‍. ഒരുവിഭാഗം സംഘടനകള്‍ ഹര്‍ത്താലില്‍ പങ്കെടുക്കുന്നില്ല. കൊല്ലം വാടികടപ്പുറത്ത് ഹര്‍ത്താലിനിടെ വാക്കേറ്റമുണ്ടായി.

അമേരിക്കന്‍ കമ്പനിക്ക് തീരമേഖലയെ തീറെഴുതിയതിനെതിരെ ജുഡിഷ്യല്‍ അന്വേഷണം നടത്തുക, മല്‍സ്യത്തൊഴിലാളികളെ വ‍ഞ്ചിച്ച ഫിഷറീസ് മന്ത്രി രാജിവയ്ക്കുക, മല്‍സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന ഫിഷറീസ് നയം തിരുത്തുക. തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തീരമേഖലയില്‍ മല്‍സ്യമേഖല സംരക്ഷണ സമിതിയുടെ ഹര്‍ത്താല്‍. കാസര്‍കോട് നീലേശ്വരം മുതല്‍ കൊല്ലംവരെ മല്‍സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോകാതെയും ഹാര്‍ബ റുകളും ഫിഷ് ലാന്‍ഡിങ് സെന്ററുകളും അടച്ചിട്ടുമാണ് പ്രതിഷേധം. കൊച്ചിയില്‍ ഹര്‍ത്താര്‍ ഏറെക്കുറെ പൂര്‍ണമാണ്. വൈപ്പിന്‍,  കാളമുക്ക്, മുനമ്പം ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കുന്നില്ല.  മല്‍സ്യമൊത്ത വിപണന കേന്ദ്രങ്ങളും പ്രാദേശിക മല്‍സ്യമാര്‍ക്കറ്റുകളും അടഞ്ഞുകിടക്കുന്നു. ബോട്ടുഉടമകള്‍ ഹര്‍ത്താലിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതോടെ തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് ബോട്ടുകള്‍ കടലില്‍ പോകുന്നില്ല.

കോഴിക്കോടും തീരദേശ ഹര്‍ത്താല്‍ പൂര്‍ണം. ബോട്ടുകളും മല്‍സ്യബന്ധന യാനങ്ങളും കടലില്‍ ഇറക്കാതെ മല്‍സ്യത്തൊഴിലാളികള്‍ ഹര്‍ത്താലിന്റെ ഭാഗമായി. ജില്ലയിലെ ഹാര്‍ബറുകളും നിശ്ചലമായിരുന്നു. പുതിയാപ്പ ഹാര്‍ബറിലേക്ക് മല്‍സ്യത്തൊളികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.

ഹർത്താൽ അവഗണിച്ച് കടലിൽ പോയി മടങ്ങിയെത്തിയ തൊഴിലാളികളും മത്സ്യ തൊഴിലാളി കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൊല്ലം വാടി ഹാർബറിൽ വാക്കേറ്റമുണ്ടായി.  സമരവുമായി സഹകരിക്കാത്ത തൊഴിലാളികളെ ഹാർബറിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു തർക്കം. ഇരു വിഭാഗങ്ങളെയും പൊലീസ് എത്തിയാണ് പിരിച്ചു വിട്ടു.കരാറുകളെല്ലാം സര്‍ക്കാര്‍ പിന്‍വലിച്ചെന്ന് കാരണം പറ‍ഞ്ഞ് ഒരു വിഭാഗം മല്‍സ്യത്തൊഴിലാളിസംഘടനകള്‍ ഹര്‍ത്താലില്‍ പങ്കെടുക്കുന്നില്ല. കേരളാ സ്വതന്ത്രമല്‍സ്യത്തൊഴിലാളി ഫെഡറേഷനും,കേരളാ മല്‍സ്യത്തൊഴിലാളി ഐക്യവേദിയും, കെയുടിസിയുമാണ് വിട്ടുനില്‍ക്കുന്നത്.