പൊതുഗതാഗതം സ്തംഭിച്ചു; ടൂറിസം ദിനത്തില്‍ നാട് നിശ്ചലം; ഒറ്റപ്പെട്ട അക്രമം

ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂർണമായിരുന്നു. കോഴിക്കോട് ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡ് ഓഫീസ് ഹർത്താലനുകൂലികൾ ആക്രമിച്ച് ജീവനക്കാരെ മർദിച്ചു.  തിരുവനന്തപുരത്ത് പമ്പ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉടമയെയും ജീവനക്കാരെയും മർദിച്ചു. പൊതുഗതാഗതവും വ്യാപാര മേഖലയും സ്തംഭിച്ചു. 

ടൂറിസം ദിനത്തിൽ ദൈവത്തിന്‍റെ സ്വന്തം നാട് നിശ്ചലം. നിരത്തുകളിൽ നാമമാത്ര സ്വകാര്യ വാഹനങ്ങൾ. കച്ചവട സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. ഇതിനിടെ കോഴിക്കോട് നടക്കാവിലെ ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ ഏഷ്യാനെറ്റ് ബ്രോ‍‍ഡ് ബാന്‍ഡ് ഓഫിസിന് നേരെ ഹര്‍ത്താലനുകൂലികൾ അക്രമം അഴിച്ചുവിട്ടു. ഓഫിസ് അടച്ചുപൂട്ടി പ്രതിഷേധവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട സമരക്കാർ ജീവനക്കാരെ മര്‍ദിച്ചു. വനിതാജീവനക്കാരെ ഭീഷണപ്പെടുത്തി. ഇന്‍റര്‍നെറ്റ് ആവശ്യസേവനങ്ങളില്‍പ്പെട്ടതാണെന്ന വാദം സമരക്കാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ജീവനക്കാര്‍ നടക്കാവ് പൊലിസില്‍ പരാതി നല്‍കി.

ഹർത്താലനുകൂലികൾ മർദിച്ചതായി തിരുവനന്തപുരം പള്ളിച്ചലിലെ പമ്പ് ഉടമ ഹരിപ്രകാശ് പൊലീസില്‍ പരാതി നല്‍കി.പമ്പ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങളും കൈമാറി.കാസർകോട് കാഞ്ഞങ്ങാട് സ്വകാര്യ വാഹനങ്ങൾ തടഞ്ഞു.

ബിഎം എസ് യൂണിയനിൽപെട്ടവരുടെ ടാക്സികൾ മാത്രമാണ്  സർവീസ് നടത്തിയത്. രാജ്ഭവനുമുമ്പിൽ കർഷകരും വിവിധ ട്രേഡ് യൂണിയൻ അംഗങ്ങളും ധർണ നടത്തി. വിവിധ ജില്ലകളിലും പ്രതിഷേധ മാർച്ചുകൾ നടന്നു. ഹർത്താൽ അവസാനിച്ചതോടെ കെഎസ്ആർടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു.