ഉത്തരവ് ലഭിച്ചിട്ടും നിയമനമില്ല; രണ്ടായിരത്തോളം അധ്യാപകർ പ്രതിസന്ധിയിൽ

സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാനാകാതെ രണ്ടായിരത്തോളം അധ്യാപകര്‍. എല്‍പി തലം മുതല്‍ ഹയ‌ര്‍സെക്കന്‍ഡറി വരെയുള്ള അധ്യാപകരാണ് സര്‍ക്കാര്‍ ജോലി കിട്ടിയിട്ടും,  സ്ക്കൂളില്‍ പ്രവേശിക്കാനാകാതെ നില്‍ക്കുന്നത്.  കഴിഞ്ഞ നാല് വര്‍ഷമായി ശമ്പളം പാസാകാതെ സര്‍ക്കാര്‍ ഏയ്ഡഡ് സ്ക്കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരും ഏറെയാണ്.

എല്‍പി സ്ക്കൂള്‍ അസിസ്റ്റന്റ്, യുപി സ്ക്കൂള്‍ അസിസ്റ്റന്റ്, യുപി – ഹൈസ്ക്കൂള്‍ –ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റുകളില്‍നിന്ന്  2020 ജനുവരി മുതല്‍ നിയമന ശുപാര്‍ശ കൈപ്പറ്റിയവരാണ് നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില്ലാതെ പ്രതിസന്ധിയിലായത്.  വിരമിച്ചവര്‍ക്ക് പകരം നിയമനം നടത്താത്തതിനാല്‍ ഒട്ടേറെ സ്ക്കൂളുകളില്‍ അധ്യാപക ക്ഷാമവുമുണ്ട്. 2016 മുതല്‍ ജോലി ചെയ്തിട്ടും  ശമ്പളം പാസാകാത്ത അധ്യാപകര്‍ സര്‍ക്കാര്‍ ഏയ്ഡഡ് സ്ക്കൂളുകളില്‍ നിരവധിയാണ്. 

കോവിഡ് കാരണം സ്ക്കൂള്‍ തുറക്കാത്തതുകൊണ്ട് നിയമനം വൈകുന്നെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വിദ്യാഭ്യാസവകുപ്പിന്റെ അനാസ്ഥ മൂലം ദുരിതത്തിലായ അധ്യാപകര്‍ക്ക്  അനൂകൂലമായി യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണമുയരുന്നത്.