'ഭക്ഷണം കഴിക്കാതെ മക്കളെ നോക്കാതെ പഠിച്ചു; പി.എസ്.സി ചവിട്ടി അരച്ചു'; പൊട്ടിക്കരഞ്ഞ് ഉദ്യോഗാര്‍ഥി

സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ഉദ്യോഗാര്‍ഥി. മലപ്പുറം എല്‍.പി സ്കൂള്‍ അസിസ്റ്റന്റ് റാങ്ക് പട്ടികയിലുള്‍പ്പെട്ട അരീക്കോട് സ്വദേശിനി ദിനു സതീഷാണ് ഓട്ടം തുള്ളല്‍ സമരം നടത്തി പൊട്ടിക്കരഞ്ഞത്. റാങ്ക് പട്ടിക വിപുലീകരിക്കണം എന്ന ആവശ്യവുമായാണ് സമരം.

സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും ഉദ്യോഗാര്‍ഥിയുടെ കണ്ണീര്‍. അതും പഠനത്തിന്റെയും ജീവിതത്തിന്റെയും കഷ്ടപ്പാടുകള്‍ എണ്ണിപ്പറഞ്ഞ്..

.

രണ്ട് കുട്ടികളുടെ അമ്മയായ ദിനു സതീഷ്  എല്‍.പി.സ്കൂള്‍ അസിസ്റ്റന്റ് പി.എസ്.സി ഷോര്‍ട് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥിയാണ്. നൂറ്റി പതിമൂന്ന് ദിവസമായി സമരം നടന്നിട്ടും ആരും പരിഗണിക്കാതെ വന്നതോടെ ഓട്ടംതുള്ളല്‍ കളിച്ചായിരുന്നു ഇന്നത്തെ പ്രതിഷേധം. 

ഒഴിവുകള്‍ വെട്ടിക്കുറച്ചതോടെ ദിനു ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ മെയിന്‍ പട്ടികയില്‍ നിന്നൊഴിവാകുകയും ജോലിയെന്ന സ്വപ്നത്തിന് കരിനിഴല്‍ വീഴുകയും ചെയ്തു. അതാണ് ഭരണസിരാകേന്ദ്രത്തിന് മുന്നിലെ സമരത്തിനൊടുവിലെ വിലാപത്തിന് കാരണം. 

നിയമനത്തിന്റെ മൂന്നിരട്ടി ആളുകളെ  ഷോര്‍ട്ട് ലിസ്റ്റ് ചെയ്യണമെന്ന ചട്ടം ലംഘിച്ചാണ് ഒഴിവാക്കിയതെന്ന് ആരോപിച്ച് ഉദ്യോഗാര്‍ഥി സമരം അനിശ്ചിതമായി തുടരുകയാണ്.