സമരം ഒത്തുതീര്‍പ്പാക്കണം; കായിക താരങ്ങളെ പിന്തുണച്ച് ഷൈനി വില്‍സന്‍

സെക്രട്ടേറിയറ്റിനു മുന്നിലെ കായിക താരങ്ങളുെട സമരം എത്രയും വേഗം ഒത്തുതീര്‍ക്കണമെന്ന് ഒളിംപ്യന്‍ ഷൈനി വില്‍സന്‍‍. രാജ്യാന്തര, ദേശീയ മേളകളില്‍ മെഡലുകള്‍ നേടിയ താരങ്ങളെ മഴയത്തും വെയിലത്തും നിര്‍ത്തുന്നതു കേരളത്തിന് അപമാനകരമാണെന്നും ഷൈനി മനോരമ ന്യൂസിനോട് പറഞ്ഞു. കഠിന പാതകള്‍ താണ്ടി മെഡലുകള്‍ വാരിക്കൂട്ടിയ താരങ്ങള്‍ സമരമിരിക്കുന്നത് കായിക ലോകത്തിന്റെ നോവാവുകയാണ്. രാജ്യാന്തര, ദേശീയ മല്‍സരങ്ങളില്‍ സംസ്ഥാനത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങളോട് ഇങ്ങനെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്നാണ് ഷൈനി വില്‍സന്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് എത്രയും വേഗം സമരം ഒത്തുതീര്‍പ്പാക്കണം. അര്‍ഹതപ്പെട്ടവര്‍ക്കു വാഗ്ദാനം നല്‍കിയ ജോലി നല്‍കണം.

അതേസമയം ജോലി സാധ്യത അടഞ്ഞതോടെ കേരളം വിടാനൊരുങ്ങുകയാണ് നിലവില്‍ ദേശീയ തലത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവരടക്കം മല്‍സരംഗത്തു സജീവമായ താരങ്ങള്‍. ഇത് കേരളത്തിന്റെ കായിക മേഖലയെ ദോഷകരമായി ബാധിക്കുമെന്നാണ് ഈരംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.