മാവൂരിൽ ത്രികോണ മത്സരത്തിന് കളംമൊരുങ്ങുന്നു; കരുത്തുകാട്ടാൻ മുന്നണികൾ

ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫിന് വിജയം അനിവാര്യം. ബലാബലത്തിനായി എല്‍.ഡി.എഫിന് പഴയ കുത്തക സീറ്റ് തിരിച്ചുപിടിക്കുകയും വേണം. കരുത്ത് കാട്ടാന്‍ എന്‍.ഡി.എ കൂടിയാകുമ്പോള്‍ കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ത്രികോണ മല്‍സരത്തിനാണ് കളമൊരുങ്ങുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവച്ച തിരഞ്ഞെടുപ്പ് ഈമാസം ഇരുപത്തി ഒന്നിന് നടക്കും.      

കഴിഞ്ഞതവണ കൈമോശം വന്ന താത്തൂര്‍ പൊയില്‍ ഇത്തവണ എല്‍.ഡി.എഫിന് തിരിച്ച് പിടിച്ചേ പറ്റൂ. അങ്ങനെയെങ്കില്‍ പഞ്ചായത്ത് ഭരണം വരെ നേടാനുള്ള സാധ്യതയുണ്ട്.   

നാല്‍പ്പത് വര്‍ഷം ഇടത് മുന്നണി കുത്തകയാക്കിയിരുന്ന വാര്‍ഡ് കഴിഞ്ഞതവണ യു.ഡി.എഫിന്റേതാക്കി മാറ്റിയ ആത്മവിശ്വാസമാണ് വാസന്തി വിജയനുള്ളത്. ജനറല്‍ സീറ്റില്‍ മല്‍സരിക്കാനില്ലെന്നറിയിച്ച് ഇത്തവണ മാറിയെങ്കിലും അനില്‍കുമാറിന്റെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടി വീണ്ടും സീറ്റ് നല്‍കുകയായിരുന്നു.  

കഴിഞ്ഞതവണ നൂറില്‍ താഴെ വോട്ട് നേടിയ ബി.ജെ.പി ഇത്തവണ കരുത്ത് കാട്ടുമെന്ന പ്രതീക്ഷയിലാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് വോട്ടര്‍മാരെ അറിയിക്കാനുള്ളത്. 

ഇരുമുന്നണികള്‍ക്കും നിലനില്‍പ്പിന്റെ പോരാട്ടമായതിനാല്‍ മല്‍സരം ബലാബലം. പതിനെട്ടംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് എട്ട് സീറ്റുകളാണുള്ളത്. ഏക ആര്‍.എം.പി പ്രതിനിധിയുടെ സഹായത്തോടെയാണ് ഭരണം പിടിച്ചത്.