സിപിഎം തട്ടകത്തിൽ പുതുമുഖത്തെ ഇറക്കാൻ യുഡിഎഫ്; ചേലക്കരയിൽ ശ്രീകുമാറിന് സാധ്യത

തുടര്‍ച്ചയായി അഞ്ചു തവണ സി.പി.എമ്മിനെ തുണച്ച മണ്ഡലമാണ് തൃശൂര്‍ ചേലക്കര. ഇക്കുറി സിറ്റിങ് എം.എല്‍.എ.: യു.ആര്‍.പ്രദീപിനോട് പോരാടാന്‍ കോണ്‍ഗ്രസ് പരീക്ഷിക്കുന്നത് പുതുമുഖത്തെയാണ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാറാകും ചേലക്കരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി.  

പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ചേലക്കരയില്‍ സി.പി.എമ്മിന്റെ യു.ആര്‍.പ്രദീപ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയത്. ഒരുക്കാലത്ത് കോണ്‍ഗ്രസ് സ്ഥിരമായി ജയിച്ചിരുന്ന മണ്ഡലമായിരുന്നു. പട്ടികജാതി സംവരണമുള്ള മണ്ഡലം കൂടിയാണിത്. 1996ല്‍ കെ.രാധാകൃഷ്ണനെ ഇറക്കി സി.പി.എം മണ്ഡലം പിടിച്ചു. പിന്നെ, നാലു തവണയും കെ.രാധാകൃഷ്ണനെ ചേലക്കരക്കാര്‍ തുണച്ചു. കെ.രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവമായിരുന്നു സി.പി.എമ്മിന്റെ ശക്തി. 1991ല്‍ എം.പി.താമിയായിരുന്നു ചേലക്കരയില്‍ നിന്ന് അവസാനം ജയിച്ച കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസിലെ കെ.കെ.ബാലകൃഷ്ണനെ മൂന്നു തവണ ജയിപ്പിച്ചിട്ടുണ്ട് ചേലക്കരക്കാര്‍. യു.ആര്‍.പ്രദീപിനോട് ഏറ്റുമുട്ടാന്‍ പുതുമുഖത്തെ തിരഞ്ഞെ കോണ്‍ഗ്രസിന് ഒരേയൊരു പേരു മാത്രമാണ് നിര്‍ദ്ദേശിക്കാനുണ്ടായിരുന്നത്.  കെ.പി.സി.സി. സെക്രട്ടറി സി.സി.ശ്രീകുമാറിന്റെ പേര്.  നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചതിന്റെ അനുഭവസമ്പത്തുണ്ട്. തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനീയറിങ്ങ് ബിരുദ വിദ്യാര്‍ഥിയായിരിക്കെ കെ.എസ്.യു. നേതാവായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടു പഞ്ചായത്തുകള്‍ പിടിച്ചതാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തില്‍ നിന്ന് രമ്യ ഹരിദാസിന് കിട്ടിയ ഭൂരിപക്ഷത്തിലും കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്. പക്ഷേ, സിറ്റിങ് എം.എല്‍.എയായ യു.ആര്‍.പ്രദീപ് എല്‍.ഡി.എഫിന്റെ മികച്ച സ്ഥാനാര്‍ഥിയാണ്. അഞ്ചു തവണയും എല്‍.ഡി.എഫിന്റെ മനസിനൊപ്പം നിന്ന മണ്ഡലം ആറാം തവണയും ഒപ്പം നില്‍ക്കുമെന്ന ഉറച്ച പ്രതീക്ഷയുണ്ട് എല്‍.ഡി.എഫിന്.