മുൾ മുനയിൽ രണ്ടു മണിക്കൂർ; വീടിനു പുറത്തിറങ്ങല്ലേ; ലൈറ്റ് ഓഫ് ചെയ്യൂ; നിലവിളികൾ

നെയ്യാറ്റിൻകര: ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്ന ഗൗരീനന്ദൻ എന്ന ആന പ്രദേശവാസികളെ മുൾ മുനയിൽ നിർത്തിയതു രണ്ടു മണിക്കൂർ. ആന വരുന്നു.. വീടിനു പുറത്തിറങ്ങല്ലേ.. ലൈറ്റ് ഓഫ് ചെയ്യൂ... തുടങ്ങിയ നിലവിളികൾ കേട്ട പ്രദേശവാസികൾ എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നു. പിന്നെ ഓടി വീടിനുള്ളിൽ കയറി ലൈറ്റുകൾ അണച്ചു. വീടിനു സമീപത്തു കേട്ട ചെറിയ അനക്കം പോലും അവരെ ഭയപ്പെടുത്തി. കുട്ടികൾ ഒച്ചയുണ്ടാക്കാതെ നിന്നു.

മാരായമുട്ടം പൊലീസും ജാഗ്രത കാട്ടി. ഇടറോഡുകളിലൂടെ വാഹനങ്ങളെ കടത്തി വിട്ടില്ല. പിന്നീട് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് വടമെറിഞ്ഞു തളയ്ക്കുകയായിരുന്നു. ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്ററോളം ഗൗരീനന്ദൻ സഞ്ചരിച്ചുവെങ്കിലും കുറുമ്പുകൾ കാട്ടിയില്ലെന്നതും ശ്രദ്ധേയം. ഭയപ്പെട്ടു വീടുകൾക്കുള്ളിൽ ജനം അഭയം തേടിയെങ്കിലും ഗൗരീനന്ദനെക്കുറിച്ച് അവർക്ക് നല്ലതേ പറയാനുള്ളൂ.

കുട്ടികൾ പോലും അവന്റെ അടുക്കൽ ഭയമില്ലാതെ കടന്നു ചെല്ലാറുണ്ട്. ഒപ്പം നിന്നു സെൽഫി എടുക്കാറുണ്ട്. അപ്പോഴൊന്നും കുറമ്പു കാട്ടുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നെ ഇന്നലെ എന്തു പറ്റിയെന്നറിയില്ല. 26 വർഷം മുൻപാണ് ഗൗരീനന്ദൻ, ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കടന്നു വരുന്നത്. ക്ഷേത്രത്തിലെ പശ്ചിമ മേഖലാ പ്രദേശിക ഉത്സവ സമിതിയാണ് എത്തിച്ചത്. അന്നു മുതൽ ക്ഷേത്രവും ക്ഷേത്രത്തിലെത്തുന്ന ഭക്തരും ഗൗരീനന്ദന്റെ പ്രിയപ്പെട്ടവരാണ്.