ഗണേഷിന്റെ പിഎയ്ക്കും പരാതിക്കാർക്കുമെതിരെ ഒരേ വകുപ്പ്; സംഘർഷം, നാളെ ഹർത്താൽ

കരിങ്കൊടികാണിച്ചവരെ കൈയ്യേറ്റം ചെയ്ത കെ.ബി.ഗണേഷ്കുമാർ എം.എൽ.എയുടെ പി.എയ്ക്കും പരാതിക്കാർക്കുമെതിരെ ഒരേ വകുപ്പ് ചുമത്തി കുന്നിക്കോട് പൊലീസ്. മർദനത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംഎൽഎയുടെ പത്തനാപുരത്തെ വീട്ടിലേക്ക്  നടത്തിയ മാർച്ചിൽ സംഘർഷം. എം.എൽ.എയ്ക്കെതിരെ സി പി ഐ പ്രാദേശിക നേതൃത്വവും പരസ്യമായി രംഗത്തെത്തി. നാളെ പത്തനാപുരം പഞ്ചായത്തിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു.

കെ.ബി.ഗണേഷ്കുമാർ എം.എൽ.എയുടെ പത്തനാപുരത്തെ വീട്ടിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ച് ഇരുന്നൂറ് മീറ്ററിന് ഇപ്പുറം ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. ഉന്തും തള്ളും ലാത്തിച്ചാർജിലാണ് കലാശിച്ചത്. നിരവധിപേർക്ക് പരുക്കേറ്റു. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. 

കരിങ്കൊടി കാണിച്ചവരെ കൈയ്യേറ്റം ചെയ്തത് തെറ്റായി പോയെന്ന് സി പി ഐയും പ്രതികരിച്ചു. തല്ലിയവർക്കും തല്ല് കൊണ്ടവർക്കുമെതിരെ ഒരേ വകുപ്പുകൾ ചുമത്തി കുന്നിക്കോട് പൊലീസ് രണ്ടു കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരമാണ് വെട്ടിക്കവലയിൽ വെച്ച് കെ.ബി.ഗണേഷ് കുമാർ എം.എൽ എയെ കരിങ്കൊടി കാണിച്ച യൂത്ത്കോൺഗ്രസുകാരെ അനുയായികൾ കൈകാര്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം  ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടാത്തലയുടെ നേത്യത്വത്തിലായിരുന്നു മർദനം. അനുയായികൾ അഴിഞ്ഞാടിയപ്പോൾ ഇതിലൊന്നും ഇടപെടാതെ എം.എൽ.എ വാഹനത്തിൽ തന്നെയിരുന്നു.