‘നടനായ എന്റെ വീട്ടിലേക്കാളും നല്ല ടൈലാണ് ഇവിടെ’; വിടാതെ എംഎൽഎ; വിഡിയോ

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജ് വേദിയിലിരിക്കെ ആയുർവേദ ഡോക്ടർമാരുടെ സംഘടനകളെ വിമർശിച്ച് പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ് കുമാർ. തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാർ വീണ്ടും ഡോക്ടർമാർക്കെതിരെ രംഗത്തെത്തിയത്.

സംഘടനാചുമതലയുളള ഡോക്ടര്‍മാരുടെ പേരുകള്‍ പറഞ്ഞ് ചില അലവലാതി ഡോക്ടർമാർ എനിക്കെതിരെ പറയുന്നത് കേട്ടു എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. ‘സ്റ്റാഫിന്റെ പാറ്റേൺ ശരിയല്ലെന്നാണ് ഒരു നേതാവ് ടിവിയിൽ പറഞ്ഞത്. തലവൂർ ആയുർവേദ ആശുപത്രിക്കു വേണ്ടിയല്ല അയാൾ സംസാരിക്കുന്നത്. അയാൾക്ക് സ്റ്റാഫ് പാറ്റേൺ ശരിയാക്കിയാൽ മതി. 40 കിടക്കയുള്ള ആശുപത്രിയിൽ രണ്ടു പേരെ ഉള്ളൂവെന്നാണ് പറഞ്ഞത്. രണ്ടു പേർ ഉണ്ടായിരുന്നു, ഒരാൾ പോയതാണ്. പേ വാർഡിനായി ഒരു സ്വീപ്പറെതന്നെ ഇവിടെ കൊടുത്തിട്ടുണ്ട്.

ബാക്കിയുള്ളവരെ എടുക്കുന്നതിനായി എച്ച്എംസിയിൽ 10 പേരുടെ ലിസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ നാലായി വിഭജിച്ച് നാലു പേരെവച്ച് വൃത്തിയാക്കുകയാണ് വേണ്ടത്. ഇതിന് എച്ച്എംസിയിൽനിന്ന് ഇവർക്ക് ആളെ എടുക്കാം. അത് എടുക്കാത്തത് ആരുടെ തെറ്റാണ്? ബാത്ത്റൂമിൽ ടൈൽ ഇളകിയെന്നാണ് അയാൾ പിന്നെ പറയുന്നത്. ഇവിടെ ബാത്ത്റൂമിൽ ടൈലൊന്നും ഇളകിയിട്ടില്ല. ക്ലോസറ്റിന്റെ മുകൾഭാഗം പൊട്ടിയിട്ടുണ്ട്. അതു ഡോക്ടർ കാണാത്തതുകൊണ്ടും അത് മാറ്റാത്തതിലുമുള്ള രോഷമാണ് പ്രകടിപ്പിച്ചത്.

അല്ലാതെ ഇവിടെ ടൈൽസ് ഒന്നും പൊട്ടിയിട്ടില്ല. സിനിമാനടനായ എന്റെ വീട്ടിൽ ഇട്ടിരിക്കുന്നതിലും നല്ല ടൈൽസാണ് ഇവിടെ ഇട്ടിരിക്കുന്നത്. ഇവിടുത്തെ സിഎംഒയെ ഞാൻ സഹോദരിയെ പോലെയാണ് കാണുന്നത്. അത് അവർക്കും അറിയാം. അതുകൊണ്ടാണ് പറഞ്ഞത്. ഞാൻ പറഞ്ഞതിൽ അവർക്ക് പരാതിയും ഇല്ല.’– ഗണേഷ് പറഞ്ഞു. ഒരാഴ്ച മുന്‍പ് ഇതേ ആശുപത്രി എംഎൽഎ സന്ദർശിക്കുകയും വൃത്തിഹീനമായതിന് ഡോക്ടർമാരെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.