പണം ഇരട്ടിക്കുമെന്ന് വാഗ്ദാനം; വഞ്ചിതരായി നിക്ഷേപകര്‍; പരാതി

കൊടുങ്ങല്ലൂരില്‍ ചിട്ടി കമ്പനിയില്‍ പണം മുടക്കിയ നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടു. കോടിക്കണക്കിനു രൂപയാണ് ചിട്ടി കമ്പനിക്കാര്‍ നിക്ഷേപകര്‍ക്ക് മടക്കി കൊടുക്കാനുള്ളത്. കൊടുങ്ങല്ലൂ‍ര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  

കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി 2010ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഫിന്‍സിയര്‍ എന്ന ധനകാര്യ സ്ഥാപനത്തിന് എതിരെയാണ് പരാതി. അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ആയിരം മുതല്‍ ലക്ഷങ്ങള്‍ വരെ ഇങ്ങനെ നിക്ഷേപിച്ചു. നൂറുകണക്കിനു പേര്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ആധ്യകാലങ്ങളില്‍ കൃത്യമായി പണം തിരിച്ചുകിട്ടി. പിന്നീട്, മുടങ്ങി. കാലാവധി പൂര്‍ത്തിയാക്കിയിട്ടും നിക്ഷേപകര്‍ക്കും പണം ലഭിക്കാതെയായി. നിക്ഷേപകര്‍ പലതവണ ഓഫിസില്‍ കയറിയിറങ്ങി. പക്ഷേ, തുക മാത്രം കിട്ടിയില്ല. വലിയ തുക ലഭിക്കാനുള്ളവര്‍ക്ക് കമ്പനി ചെക്ക് നല്‍കിയെങ്കിലും മടങ്ങി. കഴിഞ്ഞ നവംബര്‍ മുപ്പതു മുതല്‍ സ്ഥാപനവും അടച്ചുപൂട്ടി. ഇടപാടുകാരാകട്ടെ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുകയാണ്. 

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മാത്രം രണ്ടായിരത്തോളം പരാതികളാണ് ലഭിച്ചു. എന്നാൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും കമ്പനി ഉടമകളെ കണ്ടെത്താനായില്ല. പൊലീസ് കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച്  നിക്ഷേപകർ കൊടുങ്ങല്ലൂരിൽ പ്രതിഷേധം നടത്തി.  അതേ സമയം തട്ടിപ്പിനിരയായവരുടെ പരാതിയെ തുടർന്ന് 36 കേസുകൾ എടുത്തിട്ടുണ്ടെന്നും  കമ്പനി ഉടമകൾ ഒളിവിൽ പോയതായും പൊലീസ് പറഞ്ഞു.