മത്സ്യകൃഷിയില്‍ വിഷം കലര്‍ത്തി‍; ലക്ഷങ്ങളുടെ ബാധ്യതയുമായി വീട്ടമ്മ; കണ്ണീർ

കോവിഡ് കാല പ്രതിസന്ധിയില്‍ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയതിന് പിന്നാലെ വീട്ടമ്മ തുടങ്ങിയ മല്‍സ്യക്കൃഷി അഞ്ജാതര്‍ വിഷം കലര്‍ത്തി നശിപ്പിച്ചു. വിളവെടുപ്പിന് പാകമായ മൂവായിരത്തിലധികം മല്‍സ്യങ്ങള്‍ ചത്ത് പൊങ്ങി. കോഴിക്കോട് ബാലുശ്ശേരി തുരുത്തിയാട് സ്വദേശിനി രജനിക്കാണ് അഞ്ച് ലക്ഷം കൂടി ബാധ്യതയായത്.  

രജനിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയില്‍ പയ്യാനക്കലിലുണ്ടായിരുന്ന പലചരക്ക് കടയും, ഹോട്ടലുമാണ് കോവിഡിനെത്തുടര്‍ന്ന് പൂട്ടിയത്. പിന്നാലെ തുരുത്തിയാട് സ്വന്തമായുള്ള ഭൂമിയില്‍ മല്‍സ്യ കൃഷി തുടങ്ങുകയായിരുന്നു. മികച്ച വിളവെടുപ്പിലൂടെ ജീവിതം പച്ചപിടിപ്പിക്കാനുള്ള ആഗ്രഹമാണ് രാത്രിയുടെ മറവില്‍ അഞ്ജാതര്‍ തകര്‍ത്തത്. രണ്ട് ദിവസങ്ങളിലായി മൂവായിരത്തി ഇരുന്നൂറിലധികം ചിത്രലാഡ മല്‍സ്യങ്ങള്‍ ചത്ത് പൊങ്ങി. കുടുംബം കനത്ത സാമ്പത്തിക ബാധ്യതയിലായി. 

മല്‍സ്യക്കുളത്തിന് സമീപത്തായി രാസപദാര്‍ഥം കൊണ്ടുവന്നതായി കരുതുന്ന പേപ്പറും കവറും കണ്ടെത്തി. ബാലുശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.