ഒരു ദിനം നീണ്ട പരിശ്രമം; ജനവാസമേഖലയിൽ എത്തിയ കാട്ടാനക്കൂട്ടം കാടുകയറി

അങ്കമാലി മൂക്കന്നൂരിന് സമീപം എടലക്കാട് ജനവാസമേഖലയില്‍ എത്തിപ്പെട്ട കാട്ടാനക്കൂട്ടം തിരികെ കാടു കയറി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാട്ടാനകള്‍ തിരിച്ച് പോയത്. ഒരു ദിവസം മുഴുവന്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവിലാണ് കാട്ടാനകളെ തിരിച്ച് അയച്ചത്. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂക്കന്നൂര്‍ എടലക്കാട് ആനാട്ട്‌ചോലയിലെ കനാലില്‍ കാട്ടാനക്കൂട്ടത്തെ കണ്ടത്. ഒരു കുട്ടിയാനയും മൂന്നു പിടിയാനകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കനാലില്‍ ഒഴുക്കില്‍ പെട്ട കാട്ടാനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആനക്കൂട്ടം ആനാട്ട്ചോലയിലെത്തിയത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ കൂടിയതോടെ ആനകള്‍ സമീപത്തെ റബര്‍ തോട്ടത്തിലേക്ക് കയറി, പകല്‍ ആനയെ തിരിച്ചയ്ക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആനകള്‍ വന്ന വഴിയെ മാത്രമേ തിരികെ പോകൂ എന്നുള്ളതിനാല്‍, ആനകള്‍ ഒഴുകി വന്ന ഇടതുകര കനാലിലൂടെ വെള്ളം തുറന്നുവിടുന്നത് ഉച്ചയോടെ നിര്‍ത്തി. ഈ നീക്കം ഫലം കണ്ടു. രാത്രി രണ്ട് മണിയോടെ കനാല്‍ വഴി തന്നെ കാട്ടാനക്കൂട്ടം തിരികെ നാലു കിലോമീറ്ററോളം നടന്ന് കാട്ടിലേക്ക് കയറി. 

ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തോട് ചേര്‍ന്നുള്ള അതിരപ്പള്ളി വനമേഖലയില്‍ നിന്നാണ് ആനകള്‍ എടലക്കാട് ഭാഗത്തേക്ക് എത്തിയതെന്നാണ് കരുതുന്നത്.