കാസർകോട് അപകടം; ബസ് ഓടിച്ചത് ആരെന്ന് വ്യക്തമല്ല; പരിശോധിച്ച് പൊലീസ്

കാസർകോട് പാണത്തൂരിൽ എഴു പേരുടെ മരണത്തിനിടയാക്കിയ ബസോടിച്ചത് ആരാണെന്ന് വ്യക്തതയില്ല. ഡ്രൈവർ മരിച്ചെന്ന് പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുമ്പോൾ ക്ലീനറാണ് മരിച്ചതെന്ന് ബസുടമ പറയുന്നു. 

ബസിലെ യാത്രക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജപുരം പൊലീസ് കേസെടുത്തത്. ഡ്രൈവർ ശശിധർ പൂജാരി മരിച്ചെന്ന് പൊലീസ് പറയുന്നു. ബസ് കുന്നിൻ ചെരിവിലെ വീടിന് മുകളിലേക്ക് മറിഞ്ഞ് കുത്തി നിന്നതിന്നാൽ ഡ്രൈവർ സീറ്റ് പൂർണമായും തകർന്നിരുന്നു. അതിനാൽ ഡ്രൈവർ ആരാണെന്ന് തിരിച്ചറിയാൻ രക്ഷാപ്രവർത്തനം നടത്തിയവർക്കും സാധിച്ചില്ല.

കണ്ടത്താൻ മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അപകട സ്ഥലത്തുനിന്ന് കർണാടക അതിർത്തിയിലേക്ക് എട്ടുകിലോ മീറ്ററാണ് ദൂരം. ചെക്കു പോസ്റ്റില്ലാത്ത വഴിയിലൂടെ കടന്നു വന്നതിനാൽ ബസിന്റെ രേഖകൾ മോട്ടോർ വാഹനവകുപ്പ് വിശദമായി പരിശോധിക്കും.