പരാജയപ്പെട്ടെങ്കിലും തെയ്യത്തിരയുടെ സ്വപ്നം സഫലമാക്കി നിധീഷ്; നന്മ

പെന്‍ഷന്‍ ബുക്കും തിരിച്ചറിയില്‍ രേഖയും നനയാതെ സൂക്ഷിക്കണം. ഉറ്റവര്‍ ഉറങ്ങുന്ന മണ്ണില്‍ത്തന്നെ കണ്ണടയും വരെ കഴിയണം. ചോര്‍ന്നൊലിക്കുന്ന വീട്ടിലെ അസൗകര്യങ്ങളായിരുന്നു ഇതുവരെ തെയ്യത്തിരക്ക് കൂട്ട്. ഇനി അങ്ങനെ കഴിയേണ്ടതില്ലെന്ന് ചേര്‍ത്ത് പിടിച്ച് പറഞ്ഞവര്‍ മടങ്ങിവന്നിരിക്കുകയാണ്. 

വോട്ട് തേടലില്‍ വാഗ്ദാനപ്പെരുമഴയും പിന്നീട് സകലതും മറക്കുന്നതുമാണ് സ്ഥാനാര്‍ഥികളില്‍ പലരുടെയും പതിവ്. ഉള്ള്യേരി പഞ്ചായത്ത് പത്താം വാര്‍ഡില്‍ മല്‍സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി നിധീഷ് ആ പട്ടികയില്‍പ്പെട്ടില്ല. പരാജയപ്പെട്ടെങ്കിലും വോട്ടര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൂടെക്കൂട്ടി നിര്‍മാണത്തിനെത്തി. 

മേല്‍ക്കൂര പൂര്‍ണമായും മാറ്റി ഓട് പാകും. ജനലും വാതിലും അടച്ചുറപ്പുള്ളതാക്കും. അടുക്കളയുള്‍പ്പെടെ ഉപയോഗ യോഗ്യമാക്കി  വേഗത്തില്‍ തെയ്യത്തിരയ്ക്ക് സുരക്ഷിത താമസ സ്ഥലമൊരുക്കും. പറഞ്ഞ വാക്ക് പാലിക്കാനുറച്ച സ്ഥാനാര്‍ഥിക്ക് കൈത്താങ്ങായി ചില സുമനസുകളും രംഗത്തുണ്ട്.