ആലപ്പുഴ-ചങ്ങനാശേരി റോഡ്; നിശ്ചയിച്ച സമയപരിധിക്കു മുന്‍പ് പൂര്‍ത്തിയാക്കും; മന്ത്രി

ആലപ്പുഴ-ചങ്ങനാശേരി റോഡിന്‍റെ  പുനര്‍നിര്‍മാണം നിശ്ചയിച്ച സമയപരിധിക്കു മുന്‍പ് പൂര്‍ത്തിയാക്കാൻ തീരുമാനം. അടുത്ത വർഷം ഡിസംബർ 31 ന് മുൻപ് നിർമാണം പൂർത്തികരിക്കണമെന്ന്  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്  നിര്‍ദേശിച്ചു.  ഡിസൈന്‍ പുതുക്കി നിലവിലുള്ള അഞ്ച് സെമി - എലിവേറ്റഡ് പാതകൾക്കൊപ്പം രണ്ടെണ്ണം കൂടി പുതുതായി നിർമിക്കും.

കരാര്‍ പ്രകാരം 2023 ജൂണിലാണ് AC റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടത്. റോഡ് നിർമാണപുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ അടുത്ത വർഷം ഡിസംബര്‍ 31ന് മുന്‍പ് പുനരുദ്ധാരണം പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദേശിച്ചു. നിലവില്‍ തീരുമാനിച്ചിരിക്കുന്ന അഞ്ച് സെമി എലിവേറ്റഡ് പാതകള്‍ക്ക് പുറമേ രണ്ടെണ്ണം കൂടി നിര്‍മിക്കും. പുതുക്കിയ ഡിസൈനും എസ്റ്റിമേറ്റും ഒക്ടോബര്‍ പത്തിനുള്ളില്‍ കെ.എസ്.ടി.പി സമര്‍പ്പിക്കും.  എല്ലാ മാസവും  എം.എല്‍.എമാരെ ഉള്‍പ്പെടുത്തി അവലോകന യോഗവും മൂന്നു മാസത്തിലൊരിക്കല്‍ മന്ത്രി പങ്കെടുക്കുന്ന  യോഗമുണ്ടാകും.  

ജില്ലാ വികസന കമ്മീഷണറെ റോഡ് നവീകരണ പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിയമിച്ചു. ഗതാഗതം തിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാണമെന്നും മന്ത്രി നിര്‍ദേശിച്ചു. മങ്കൊമ്പില്‍ എ.സി. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി മുഹമ്മദ് റിയാസ് വിലയിരുത്തി.