നേതാക്കളുടെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കാസർകോട് ജില്ലയില്‍ വിവിധ രാഷ്ട്രീയ നേതാക്കളുടെ വീടിന് നേരെ ആക്രമണം. പടന്ന, പിലിക്കോട് പ്രദേശങ്ങളിലാണ് വ്യാപകമായി അക്രമങ്ങള്‍ ഉണ്ടായത്. കെ.പി.സി.സി നിർവാഹക സമിതിയംഗമായ പി.കെ.ഫൈസലിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞു  

ഇന്ന് പുലര്‍ച്ചേ പന്ത്രണ്ടരയോടെയാണ് കെ.പി.സി.സി. നിർവാഹക സമിതിയംഗമായ പി.കെ.ഫൈസലിന്‍റെ പടന്നയിലെ വീടിനുനേരെ ബോംബെറിഞ്ഞത്.  ബൈക്കിലെത്തിയ സംഘം വീടിന്‍റെ മുകൾ നിലയിലേക്ക് സ്റ്റീൽ ബോംബ് എറിയുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഉഗ്രസ്ഫോഫോടനത്തില്‍ വീടിന്‍റെ ചുമരും വാതില്‍–ജനല്‍ പാളികളും തകര്‍ന്നു. വീടിന് മുന്‍വശം നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചു. സി.പി.എം. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ഫൈസല്‍ ആരോപിച്ചു.  

പടന്ന ഓരിതെക്കുപുറത്തെ ഗോപാലകൃഷ്ണന്‍റെ  ഓട്ടോറിക്ഷയും കഴിഞ്ഞ ദിവസം രാത്രി അഗ്നിക്കിരയാക്കി. സിപിഎമ്മിന്‍റെ പഴയകാല സജീവ പ്രവർത്തകനാണ് ഗോപാലകൃഷ്ണൻ. ബി.ജെ.പി. പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ടി.സി.വി.മോഹനന്‍റെ വീടിനുനേരെയും കഴിഞ്ഞ ദിവസം കല്ലേറുണ്ടായി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വീടുകളില്‍ സന്ദര്‍ശനം നടത്തി. ചന്തേര സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.