തിരിച്ചറിയൽ രേഖയോടൊപ്പം പേനയും സാനിറ്റൈസറും; അപൂർവം ഈ തിര‍ഞ്ഞെടുപ്പ് കാലം

ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണമുള്ള കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ്,  അവകാശസംരക്ഷണത്തിന്റെ കൂടി മാതൃകയാണ്. രോഗവ്യാപനം തടയാൻ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ച ബൂത്തുകളിൽ പരമാവധി നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടർമാർ എത്തിയത്.  

ഇക്കൂട്ടത്തിൽ ഒരുപടി കൂടി കടന്നാണ് പേനയുടെ വരവ്. സ്ത്രീകൾ തിരിച്ചറിയൽ കാർഡിനൊപ്പം കയ്യിലും പുരുഷന്മാർ പോക്കറ്റിലും ഓരോ പേന ഉറപ്പാക്കി.  ഇതൊരു തൊട്ടുകൂടായ്മയുടെ പ്രശ്നമാണ്.

ഒപ്പിടാൻ മാത്രമല്ല, വോട്ടിങ് മെഷീനിൽ കുത്താനും കുറെയധികംപേർ പേനയെ ആശ്രയിച്ചു. പിന്നെ കയ്യിൽ കരുതിയ സാനിറ്റൈസറുകൊണ്ട് കൈകൾ ശുചിയാക്കി വീടുകളിലേക്ക്..നന്ദി പറയുമ്പോൾ ചിരി മാസ്കിനടിയിൽപെട്ടുപോയ സ്ഥാനാർത്ഥികൾ മറുവശത്ത്...അത്യപൂർവമൊരു തിരഞ്ഞെടുപ്പ് കാലമാണിത്.  കോവിഡ് കാലത്തെ ഈ  തൊട്ടുകൂടായ്മയ്ക്കിടയിലും ജനാധിപത്യ അവകാശങ്ങളെ ചേർത്തുപിടിക്കുകയാണ്  വോട്ടർമാർ.