ഒളകര ആദിവാസി ഭൂപ്രശ്നം; കുടില്‍കെട്ടി പ്രതിഷേധ സമരം

തൃശൂര്‍ ഒളകര ആദിവാസി ഭൂപ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ കുടില്‍കെട്ടി അനിശ്ചിതകാല സമരം തുടങ്ങി. പതിനെട്ടുവര്‍ഷമായി ആദിവാസികള്‍ നേരിടുന്ന ഭൂപ്രശ്നമാണ് ഇതുവരേയും പരിഹരിക്കാത്തത്. 

തൃശൂര്‍ പീച്ചി വിലങ്ങന്നൂര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിനു മുമ്പിലായിരുന്നു കുടില്‍ക്കെട്ടി സമരം. അനിശ്ചിതകാലത്തേയ്ക്കാണ് സമരം. ആദിവാസികള്‍ക്ക് ഭൂമി അനുവദിക്കണമെന്നാണ് ആവശ്യം. നേരത്തെ നടത്തിയ സമരങ്ങളുടെ പേരില്‍ ചുമത്തിയിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നാണ് മറ്റൊരു ആവശ്യം. ഒളകര മേഖലയെ അധികൃതര്‍ പാടെ അവഗണിച്ചെന്നാണ് ആക്ഷേപം. കാലങ്ങളായി സമരം ചെയ്യുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍. 

ആദിവാസി ഊരുകള്‍ക്ക് ശ്മശാനം പോലുമില്ല. വനാവകാശ നിയമപ്രകാരം ഭൂമി നല്‍കാമെന്ന് മാറിമാറി വന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു. പക്ഷേ, ഭൂമി മാത്രം കിട്ടിയില്ല. പ്രഖ്യാപനം നടത്തി കബളിപ്പിച്ചെന്നാണ് ആക്ഷേപം.പ്രശ്നത്തിനു പരിഹാരം കാണാതെ കുടില്‍ പൊളിച്ചുനീക്കില്ലെന്നാണ് മുന്നറിയിപ്പ്. സമരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ തുടങ്ങിയിട്ടുമില്ല.